കണ്ണൂർ- കൊറോണ രോഗം ബാധിച്ച് മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹ്‌റൂഫിന് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് രോഗം പകർന്നതെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.
രോഗവ്യാപനത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക്, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, എ.ഡി.എം മേഴ്‌സി, തളിപ്പറമ്പ് സബ് കലക്ടർ എസ്.ഇലക്യ, കണ്ണൂർ അസി. കലക്ടർ ആസിഫ് എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നേരത്തേ ജില്ലാ കലക്ടർക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു.
മെഹ്‌റൂഫിന് രോഗബാധയുണ്ടായത് ആശുപത്രിയിൽനിന്നു തന്നെയാണെന്നാണ് അടുത്ത ബന്ധുക്കളടക്കം വിശ്വസിക്കുന്നത്. തലശ്ശേരി ടെലി മെഡിക്കൽ സെന്റർ, കണ്ണൂർ മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഇദ്ദേഹം ചികിത്സ തേടിയിരുന്നത്. കൊറോണ രോഗബാധ സ്ഥിരീകരിച്ചതിന് ശേഷമാണ് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ മിംസിൽ കോറോണ രോഗബാധിതനായ ചെറുവാഞ്ചേരി സ്വദേശി ഇദ്ദേഹത്തോടൊപ്പം ഐ.സി.യുവിൽ ഉണ്ടായിരുന്നുവെന്നതാണ് ബന്ധുക്കൾ അടക്കമുള്ളവർക്ക് സംശയം തോന്നാനുള്ള കാരണം.
എന്നാൽ ചെറുവാഞ്ചേരിയിൽനിന്നുള്ള രോഗിയെയും മെഹറൂഫിനെയും രണ്ട് ഐ.സി.യുകളിലായാണ് പാർപ്പിച്ചിരുന്നതെന്നും ആശുപത്രിയിൽ നിന്നു രോഗം പകരാനുള്ള യാതൊരു സാധ്യതയുമില്ലെന്ന വിശദീകരണവുമായി മിംസ് ആശുപത്രി അധികൃതർ പത്രക്കുറിപ്പ് ഇറക്കി.