Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ കൊറോണാ വിചാരങ്ങൾ 

'നമുക്കു വേണ്ട അമേരിക്ക' എന്ന തലക്കെട്ടിൽ ഒതുങ്ങാത്ത രാഷ്ടീയമായ പോരായ്മയും സാമൂഹ്യമായ കാഴ്ചപ്പാടും ഉണ്ടാവില്ല. അക്ഷരം കൈകാര്യം ചെയ്യുന്ന ആരെയും മോഹിപ്പിക്കുന്നതായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ ആ മുഖപ്രബന്ധം. അതിലെ ഏതു വാക്യവും ഉദ്ധരിക്കാൻ പോന്നതാവും. ഉദാസീനമായ നേത്രുത്വത്തിന്റെ മുഖത്തേക്കു വലിച്ചെറിയാൻ എനിക്കു തോന്നിയ ഒന്ന് ഇതായിരുന്നു: 'കൊറോണ വൈറസ് കരക്കടുക്കും മുമ്പ് ഈ നാടിന് രോഗം പിടിപെട്ടിരുന്നു.'
വ്യാപകവും വിനാശകരവുമായ ആ രോഗത്തിന്റെ പല വശങ്ങളും മറനീക്കി കാണിക്കുകയാണ് ആ മുഖപ്രബന്ധം. അമേരിക്കയിലെ ജീവന്മരണ യാഥാർഥ്യങ്ങളും രാഷ്ട്രനിർമാണ മൂല്യങ്ങളും തമ്മിലുള്ള അകലം തെളിയിക്കുന്നതത്രേ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന രോഗം. അധികാരം ആസ്വദിക്കുന്നവരുടെ ധാരണകളും സാധാരണ മനുഷ്യരുടെ അനുഭവങ്ങളും തമ്മിലുള്ള പൊരുത്തക്കേട് അത് വ്യക്തമാക്കുന്നു.


അസമത്വമാണ് അമേരിക്കൻ പരിപാടിയെ അട്ടിമറിക്കുന്ന രോഗം.  ന്യൂയോർക്ക് ടൈംസിന്റെ മുഖപ്രബന്ധം പറയുന്നു, ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് കിടക്കാൻ ഇടമില്ല എന്ന വസ്തുത അറിയാത്തവരാണ് കൊറോണ വൈറസ് തടയാൻ വീടിന്റെ വാതിലടക്കണമെന്ന് കൽപന പുറപ്പെടുവിക്കുന്നവർ. കഴിഞ്ഞ നൂറു കൊല്ലത്തിൽ എന്നത്തേക്കാളുമേറെ സാമ്പത്തിക കേന്ദ്രീകരണം സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ പത്താണ്ടത്തെ കണക്കെടുത്താൽ, ഒരു ശതമാനം കുടുംബങ്ങളുടെ സ്വത്ത് എൺപതു ശതമാനത്തിന്റേതിനേക്കാൾ കൂടുതലാകും. 'നമുക്കു വേണ്ട അമേരിക്ക' ഇതല്ല എന്ന പ്രഖ്യാപനമാണ് ആ മുഖപ്രബന്ധം.
പ്രതിസന്ധി ഇതിനു മുമ്പും അമേരിക്ക നേരിട്ടതാണ്.  ആഭ്യന്തര യുദ്ധത്തിൽ തെക്കൻ സംസ്ഥാനങ്ങളുടെ തുടർച്ചയായ വിജയം നാം അറിയുന്ന അമേരിക്കയുടെ അസ്തിത്വം തന്നെ അസാധ്യമാക്കുമെന്ന ഭയം ജനിപ്പിച്ചിരുന്നു. രാഷ്ട്രത്തെ നയിക്കാനും ഭയത്തിൽനിന്നു മോചിപ്പിക്കാനും അന്ന് അബ്രഹാം ലിങ്കൺ ഉണ്ടായിരുന്നു. എൺപത്തഞ്ചു കൊല്ലം മുമ്പുണ്ടായത് മഹാമാന്ദ്യമായിരുന്നു ലോകത്തിലെ ഏറ്റവും സമ്പന്നമെന്ന് അഭിമാനിച്ചിരുന്ന രാജ്യത്തെ ജനങ്ങളെ അപ്പത്തിനു വേണ്ടിയുള്ള അവസാനിക്കാത്ത ക്യൂവിലേക്ക് തള്ളിവിട്ട പ്രതിസന്ധി. സ്വാതന്ത്ര്യത്തിലേക്കും സാമ്പത്തിക ഭദ്രതയിലേക്കും അന്നു തുടങ്ങിയ പ്രയാണം നയിക്കാൻ ഫ്രാങ്കഌൻ റൂസ്‌വെൽറ്റ് ഉണ്ടായിരുന്നു.


കൊറോണ വൈറസ് ദുരൂഹമായ ആക്രമണ പഥങ്ങളിലൂടെ മുന്നേറുമ്പോൾ, ന്യൂയോർക്ക് എന്ന മഹാനഗരം അനാഥമായ ആതുരാലയമാവുകയും കുഴിമാടങ്ങൾക്കു വേണ്ടി മൃതദേഹങ്ങൾ കാത്തു കെട്ടിക്കിടക്കേണ്ടിവരികയും ചെയ്യുമ്പോൾ, അമ്പരന്നു നിൽക്കുന്ന അമേരിക്കയെ നയിക്കാൻ ഊഴം കിട്ടിയ ആളാണ് ഡോണൾഡ് ട്രംപ്  അമേരിക്ക അമ്പരന്നേക്കാം, പക്ഷേ വലിയ
വലിയ വ്യാപാര സംരംഭങ്ങൾ പടുത്തുയർത്തിയ താൻ പതറുകയില്ല എന്ന നിലപാടിലാണ് ട്രംപ്. അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിനു മുമ്പേ തുടങ്ങിയതാണ് ആരോപണവും ആലഭാരവും. വിജയത്തിനു മുമ്പ് ട്രംപിനോളം പഴികേട്ട ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ല. അതുണ്ടായിട്ടും അദ്ദേഹം വിജയിച്ചു എന്നതാണ് ട്രംപിന്റെ മേന്മയും രാഷ്ട്രീയത്തിലെ വിചിത്രമായ സംഭവ്യതകളും. 
ട്രംപ് ഒരർഥത്തിൽ വിചിത്ര വീര്യനാണ്. വിവാദം എത്ര വലുതു വന്നാലും കുലുക്കമില്ല. മഹാനഗരം മരണവീഥി ആയപ്പോൾ അദ്ദേഹം ശവങ്ങളുടെ എണ്ണം കൂട്ടിയും കിഴിച്ചും സംഖ്യാശാസ്ത്രത്തിന്റെ അത്ഭുത സാധ്യതകൾ പരിശോധിക്കുകയായിരുന്നു. ശുഷ്‌കാന്തിയോടെയുള്ള പരിശോധനയും ചികിത്സയും സാമൂഹ്യമായ അകലം നിലനിർത്തലും യാത്ര ഒഴിവാക്കലും നേരത്തേ നടന്നിരുന്നെങ്കിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടംകൂട്ടമായി കുഴിമാടങ്ങളിലേക്ക് വീഴുമായിരുന്നില്ല. 


അത്തരം മുന്നറിയിപ്പുകളൊന്നും ഗൗനിക്കുന്ന കൂട്ടത്തിലല്ല പ്രസിഡന്റ് ട്രംപ്. നവംബറിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ആശ കൊണ്ടോ ആശങ്ക കൊണ്ടോ, കൊറോണയെന്ന വിപത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയെ ഉലച്ചില്ല. ജനുവരിയിൽ തന്നെ പലരും അതിനെപ്പറ്റി അദ്ദേഹത്തോട് ഭയം കലർന്ന സ്വരത്തിൽ സംസാരിച്ചിരുന്നു എന്ന്
കേൾക്കുന്നു. തെറ്റോ ശരിയോ, അതദ്ദേഹം കാര്യമായി എടുത്തില്ല. ചൈനയിലെ വുഹാനിൽനിന്നു പടർന്നുപൊങ്ങിയ കൊറോണ വൈറസ് ആരുടെയൊക്കെയോ ഭയത്തിന്റെ സൃഷ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 
ഭയം ഒഴിവാക്കാനുള്ള വഴി ആരായുകയായിരുന്നില്ല ട്രംപ് അപ്പോഴൊന്നും.
പക്ഷേ കൊറോണ പടരുമ്പോൾ അദ്ദേഹം വിധിയും ന്യായവും മാറ്റുകയായിരുന്നു.  സാമൂഹ്യമായ അകലം കർശനമായി പാലിക്കണമെന്നും ലോക്ഡൗൺ നടപ്പാക്കണമെന്നുമുള്ള അഭിപ്രായം അന്ന് പലയിടത്തും ബലപ്പെട്ടിരുന്നു. അതേപ്പറ്റി പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്ന വിദഗ്ധൻ ആന്റണി ഫൗചിയോടു ചോദിച്ചപ്പോൾ, മറുപടി ഉണ്ടായില്ല. മറുപടി ഫൗചിയുടെ ചുണ്ടിൽനിന്നു വീഴുമ്പോഴേക്കും ട്രംപ് തടഞ്ഞു. പ്രസിഡന്റിന്റെ മേൽ കാക്കയും പറക്കില്ലല്ലോ.  


വഴിയും പോംവഴിയും മറ്റൊന്നായാലോ എന്ന് പ്രസിഡന്റ് ഒരു പക്ഷേ ആലോചിച്ചു കാണും.  മലമ്പനിക്ക് കൊടുത്തിരുന്ന ഒരു മരുന്ന് കൊറോണക്കും ഫലിക്കുമെന്ന് ശഠിച്ചിരുന്ന അദ്ദേഹം ഒരിക്കൽ ഒരു ചോദ്യകർത്താവിനോട് ആരാഞ്ഞു: 'എനിക്കെങ്ങനെ അറിയും? ഞാൻ ഡോക്ടറല്ലല്ലോ' ആ സംഭാഷണത്തിനിടയിൽ മഹാനഗരത്തിലെ ആതുരാലയങ്ങളിൽ തിരിച്ചറിയാത്ത ശവങ്ങൾ പെരുകുകയായിരുന്നു. അവയെയെല്ലാം അദ്ദേഹം സംഖ്യാശാസ്ത്രത്തിലെ അക്കങ്ങളോടുള്ള  നിർവികാരതയോടെ കണ്ടറിഞ്ഞതേയുള്ളൂ.
നേരത്തേക്കൂട്ടി എല്ലാം നോക്കിയും കണ്ടും ചെയ്തിരുന്നെങ്കിൽ കൂട്ടത്തോടെ മറവു ചെയ്യേണ്ടിവന്ന ആ ശരീരങ്ങളിൽ ഇപ്പോൾ പ്രാണൻ ത്രസിക്കുമായിരുന്നു എന്ന് അതിനിടയിൽ അദ്ദേഹത്തിന് ഒരു നിമിഷം തോന്നിയോ ആവോ? എന്തായാലും വൈകിയാണെങ്കിലും ഒരു ശ്രമം നടത്താമെന്നായി.  അങ്ങനെ കാലദേശങ്ങളുടെ സീമകളെ അധീനതയിൽ നിർത്താൻ കെൽപുള്ള അമേരിക്കയുടെ പ്രസിഡന്റ് മൂന്നാം കിട രാഷ്ട്രമായ ഇന്ത്യയെ സമീപിച്ചു. 
പുതിയ സൗഹൃദങ്ങൾ തേടി നടക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്കാകട്ടെ, അതൊരു സുവർണാവസരമാവുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റിനെ തനിക്കു കടപ്പെടുത്തിയെടുക്കാൻ കഴിഞ്ഞാൽ, അതിലപ്പുറം ഏതു രാഷ്ട്രത്തലവനും മേനി പറയാനായി എന്തുണ്ടാവും? വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് ജയിച്ചാൽ കൊള്ളാം, ജയിച്ചില്ലെങ്കിലും കൊള്ളാം  എന്നാവും നരേന്ദ്ര മോഡിയുടെ കണക്കുകൂട്ടൽ.


ട്രമ്പിനോളമോ അതിലുമേറെയോ എതിർപ്പ് നേരിട്ടുകൊണ്ട് വിജയിച്ചു വന്ന ആളാണ് മോഡി. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികളിൽ അദ്ദേഹം ആർത്തുല്ലസിച്ചു. ചിലരെപ്പറ്റി പറയാറില്ലേ, നേരിടാനും മറികടക്കാനും ഒരു പ്രതിസന്ധി ഉണ്ടായാലേ അവരുടെ ഉൾക്കരുത്ത് പുറത്തറിയുകയുള്ളൂ.  മോഡിയെപ്പറ്റിയും അങ്ങനെ പറയാം. നോട്ട് റദ്ദാക്കിയ അദ്ദേഹത്തിന്റെ  നടപടി ഒരു പ്രതിസന്ധിക്കുള്ള മറുപടി ആയിരുന്നു.  എന്തിനതു ചെയ്തു, എന്തു നേടി എന്ന് തെളിച്ചു പറയാൻ ഇനിയും അദ്ദേഹത്തിനായിട്ടില്ല. എങ്കിലും അദ്ദേഹം വിജയിച്ചു തന്നെ നിൽക്കുന്നു.
കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ മോഡി ചെയ്ത പണി മോഡിയേ  ചെയ്യുമായിരുന്നുള്ളു. നൂറ്റിമുപ്പതു കോടി ജനം അധിവസിക്കുന്ന ഒരു പ്രദേശത്തെ ഒന്നടങ്കം തന്റെ വഴിക്ക് നടത്താൻ സാധിക്കുന്നത് സാധാരണ കാര്യമല്ല. അടിയന്തരാവസ്ഥയുടെ വ്യവസ്ഥകൾ നടപ്പാക്കാതെ അതിന്റെ ഫലം നേടുകയായിരുന്നു മോഡി ജനതാ കർഫ്യൂ വഴി.  ഇത്ര വലിയ ഒരു ഒരു പകലത്തെ കർഫ്യൂ മൂന്നാഴ്ചത്തെ ലോക് ഡൗണിന്റെ തെളിഞ്ഞ മുന്നോടിയായിരുന്നു. കൊറോണയെ തോൽപിക്കാനും മോഡിയെ അനുസരിക്കാനുമാണെങ്കിൽ ഇന്ത്യൻ ജനതക്ക്  എന്തും പൂർണ സമ്മതമെന്ന പോലെയായി. 
മോഡിക്ക് സാധ്യമായത്, ഗുണപരമായി നോക്കിയാൽ, തനിക്കും  സാധ്യമെന്ന് നേരത്തേ കാണിച്ചു തന്ന ആളാണ് കേരളത്തിലെ  പിണറായി വിജയൻ. വിജയന്റെ നേതൃത്വവും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർവഹണശേഷിയും ഒന്നിച്ചപ്പോൾ ഒരു വയറസിനും മുന്നോട്ടുള്ള ആക്കം കിട്ടാതായി. 


കാർക്കശ്യവും കടുപ്രയോഗവും കൊണ്ടു നിർവചിച്ച തന്റെ  രാഷ്ട്രീയ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖം തെളിയിക്കുകയായിരുന്നു വിജയൻ കഴിഞ്ഞ രണ്ടു മൂന്നാഴ്ചകളിലെ അവലോകന യോഗങ്ങളിലും മാധ്യമ സമ്മേളനങ്ങളിലും. ആപത്തു നിറഞ്ഞിരുന്ന ഈ കാലഘട്ടം വിജയന്റെയും ശൈലജയുടെയും ചൊൽപടിക്കു നിന്നത് സാമൂഹ്യ ചരിത്രത്തിലെ ഒരു സംഭവമായി രേഖപ്പെടുത്തട്ടെ.
 പ്രതിസന്ധിയിൽനിന്ന് ഊർജം ഉൾക്കൊള്ളുന്നതാണ് വിജയന്റെ സ്വഭാവം. കാർക്കശ്യത്തിനു പകരം വിനയവും നിർവഹണശേഷിയും കൈമുതലായുള്ള ശൈലജ വാഷിംഗ്ടൺ പോസ്റ്റ് എന്ന പത്രത്തിന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞ വാക്കുകൾക്ക് ആരും അടിവരയിട്ടുപോകും: 'എല്ലാം നന്നായി  വരട്ടെ എന്ന് ആശിക്കുന്നു; ഏറ്റവും മോശമായ സ്ഥിതി നേരിടാൻ തയാറാകുന്നു. ഇല്ല, രമേശ് ചെന്നിത്തല അതിനൊന്നും പോവില്ല.  അവർ അങ്ങനെയാണ്. എന്തിനെയും പഴി പറഞ്ഞേ പഠിച്ചിട്ടുള്ളൂ.

Latest News