Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണില്‍ പട്ടിണി പെരുകുന്നു;യുപിയില്‍ റോഡില്‍ ചിന്തിയ പാല്‍ കുടിച്ച് വിശപ്പകറ്റുന്ന മനുഷ്യനും തെരുവുപട്ടികളും

ലഖ്‌നൗ- കൊറോണ വ്യാപനം തടയാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ദരിദ്രരെ കടുത്ത പട്ടിണിയിലേക്കാണ് തള്ളിവിട്ടതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ ആഗ്ര നഗരത്തിലാണ് സംഭവം. റോഡില്‍ ചിന്തിയ പാല്‍  കുടിക്കുന്ന ഒരു മനുഷ്യന്റെയും തെരുവ് പട്ടികളുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ആഗ്രയിലെ രാം ബാഗ് ചൗരയിലാണ് സംഭവം. വലിയ പാല്‍ കണ്ടയിനറില്‍ നിന്ന് റോഡില്‍ ധാരാളം പാലാണ് ചോര്‍ന്നൊലിച്ചത്. ഇത് കൈ ഉപയോഗിച്ച് കോരിയെടുത്ത് ഒരു ചെറിയ പാത്രത്തിലാക്കുകയാണ് ഒരാള്‍. സമീപത്തായി കുറേ തെരുവ് പട്ടികളും പാല്‍ നക്കി കുടിക്കുന്നത് വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഒരമ്മ പട്ടിണി മൂലം തന്റെ അഞ്ച് മക്കളെ ഗംഗാ നദിയില്‍ എറിഞ്ഞു കൊന്നിരുന്നു.
21 ദിവസത്തെ ലോക്ക്ഡൗണ്‍ ഇനിയും സര്‍ക്കാര്‍ ദീര്‍ഘിപ്പിക്കുമെന്ന സൂചനകള്‍ നല്‍കുമ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ദുരിതത്തിലാണ്. പല സംസ്ഥാനങ്ങളിലും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് ഭക്ഷണം വാങ്ങാനെത്തുന്നവരുടെ നീണ്ട നിരയാണ് കാണുന്നത്. വരുംനാളുകളില്‍ ലോക്ക്ഡൗണ്‍  നീളുമ്പോള്‍ ദരിദ്രര്‍ ആശങ്കയിലാണ്.

Latest News