തലശ്ശേരി- ലോക്ഡൗണ്‍ സമയത്തെ വിഷുവിനും മാറ്റമില്ലാതെ മത്സ്യവിപണി. അന്യസംസ്ഥാനങ്ങളില്‍നിന്നു ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങളാണ് അതിര്‍ത്തി കടന്നെത്തുന്നത്. ചുരുങ്ങിയത് ഒരു മാസത്തെ പഴക്കമെങ്കിലും മത്സ്യങ്ങള്‍ക്കുണ്ട്.
ഇന്നലെ രാവിലെ തലശേരിയിലെത്തിയ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിലാണ് മത്സ്യങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
തിങ്കളാഴ്ച രാവിലെ തലശ്ശേരി കടല്‍പ്പുറത്ത് നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടികൂടിയത്. വില്‍പന നടത്തുകയായിരുന്ന 50 കിലോ ചെമ്മീന്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പിടിച്ചെടുത്തു. കോഴിക്കോട്‌നിന്നെത്തിച്ച മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിലായിരുന്നു ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായുള്ള പരിശോധന. തമിഴ്‌നാട്ടില്‍നിന്നാണ് മത്സ്യം തലശ്ശേരിയില്‍ എത്തിച്ചത്. പിടികൂടിയ മത്സ്യത്തിന് 30,000 രൂപ വില വരും. ഈ അത്യാധുനിക ലാബിലൂടെ മത്സ്യത്തിന് പഴക്കമുണ്ടോ, എന്തെങ്കിലും രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്നൊക്കെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ലോക് ഡൗണിന്റെ മറവില്‍ നടക്കുന്ന ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ. ഗൗരീഷ് പറഞ്ഞു.
തലശ്ശേരി സ്വദേശികളായ വില്‍പനക്കാരില്‍ നിന്ന് പിഴ ഈടാക്കും. പിടികൂടിയ മത്സ്യം അധികൃതര്‍ നശിപ്പിച്ചു. മൊബൈല്‍ ലാബ് റിസര്‍ച്ച് ഓഫീസര്‍ ആര്‍. അനില്‍കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ്. സിയാദ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ യു. ജിതിന്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ എ. അനീഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.