ഇന്ത്യയെ പ്രകീര്‍ത്തിക്കാന്‍ അമേരിക്കയെ ഇകഴ്ത്തി; പ്രവാസി വനിതക്കെതിരെ കേസ്

ഹൈദരാബാദ്- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയെ പുകഴ്ത്തുകയും അമേരിക്കയെ ഇകഴ്ത്തുകയും ചെയ്ത പ്രവാസി ഇന്ത്യക്കാരിക്കെതിരെ നൂജഴ്‌സി പോലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്.

അമേരിക്കയുടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളെ കുറിച്ച് അനുചിതമായ പ്രസ്താവന നടത്തിയതിനാണ്  തെലങ്കാന സ്വദേശിനി സ്വാതി ദേവിനേനിക്കെതിരെ പോലീസ് കേസെടുത്തത്.

ഇന്ത്യയും അമേരിക്കയും നടത്തുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്തുകൊണ്ട് സ്വാതിയുടെ പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വിവാദമായത്. വീഡിയോയില്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടെന്ന് കാണിച്ച് മറ്റൊരു പ്രവാസിയാണ് പരാതി നല്‍കിയതെന്ന് പറയുന്നു.

കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടുവെന്നും എന്നാല്‍ ഇന്ത്യ ഫലപ്രദമായ രീതിയില്‍ പ്രതിരോധിച്ചുവെന്നും വീഡിയോയില്‍ പറയുന്നു. ആവശ്യമായ എല്ലാ സംവിധാനങ്ങളുള്ള സമ്പന്ന രാജ്യമാണ് അമേരിക്ക. എന്നാല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന കാര്യം അവര്‍ പ്രതീക്ഷിച്ചതേയില്ല. ഇന്ത്യ ഇത് മുന്‍കൂട്ടിക്കാണുകയും വിവേകത്തോടെ പ്രവര്‍ത്തിക്കുകയും വൈറസ് പ്രതിരോധം നടപ്പാക്കുകയും ചെയ്തു. എന്റെ ഇന്ത്യ മഹത്തായ രാജ്യമാണെന്നു കൂടി പറയുന്ന വീഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിച്ചിരുന്നു.

വീഡിയോ വിവാദമായതോടെ സ്വാതി തന്റെ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. യു.എസിനെ തരംതാഴ്ത്തുക എന്ന ലക്ഷ്യത്തോടെയല്ല വീഡിയോ ചിത്രീകരിച്ചതെന്നും എങ്ങനെയാണ് കോവിഡ് 19 നെ ഇന്ത്യ പ്രതിരോധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മാതൃരാജ്യത്തെ പ്രശംസിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സ്വാതിയുടെ വിശദീകരണം.

ഇതിലെ സ്‌ക്രിപ്റ്റ് തന്റേതല്ലെന്നും പ്രചരിച്ചുകൊണ്ടിരുന്ന ഒരു സ്‌ക്രിപ്റ്റ് വായിക്കുക മാത്രമാണ് ചെയ്തതെന്നും സ്വാതി പറഞ്ഞു. തന്റെ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് അനുവാദം കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചു. തെലുഗ് ചാനലില്‍ വാര്‍ത്താ അവതാരകയായിരുന്ന സ്വാതി സോഫ്റ്റ് വെയര്‍  എന്‍ജിനീയറായ ഭര്‍ത്താവിനൊപ്പം ഒരു വര്‍ഷം മുമ്പാണ് അമേരിക്കയില്‍ എത്തിയത്.

 

Latest News