ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം

ന്യൂദല്‍ഹി- ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. ഡൽഹി– യുപി അതിർത്തി  പ്രഭവകേന്ദ്രമായ ഭൂകമ്പം വൈകി‍ട്ട് 5.45നാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ ഇതിന്റെ തീവ്രത 3.5 രേഖപ്പെടുത്തിയതായി നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

പ്രകമ്പനം ഏതാനും സെക്കന്റുകള്‍ നീണ്ടുനിന്നതായും ലോക്ക്‌ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന പലരും ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായി പുറത്തിറങ്ങി ഓടിയതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടങ്ങളുണ്ടാവുകയോ ചെയ്തതായി വിവരമില്ല.

എല്ലാവരും സുരക്ഷിതരാണെന്നു പ്രതീക്ഷിക്കുന്നതായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. 'ദല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും സുരക്ഷയ്ക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'- ദല്‍ഹി മുഖ്യമന്ത്രി ട്വിറ്ററില്‍ പ്രതികരിച്ചു.

Latest News