റോഹിങ്യന്‍ മുസ്ലിംകളെ നാടുകടത്തല്‍; ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി- മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പീഡനം സഹിക്കാതെ അഭയം തേടി ഇന്ത്യയിലെത്തിയ റോഹിങ്യന്‍ മുസ്ലിംകളെ നാടുകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. റോഹിങ്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഹാജരാകും. അഭയാര്‍ത്ഥികളായ മുഹമ്മദ് സലിമുല്ല, മുഹമ്മദ് ഷാഖിര്‍ എന്നിവരാണ് നാടുകടത്താനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

മ്യാന്‍മറില്‍ തങ്ങളുടെ സമുദായത്തിനെതിരെ നടക്കുന്ന വ്യാപകമായ കടുത്ത വിവേചനവും ആക്രമണങ്ങളും ജീവനും സ്വത്തിനുമുള്ള ഭീഷണിയും കാരണം രക്ഷതേടി ഇന്ത്യയിലെത്തിയതാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നാടുകടത്തല്‍ നീക്കം അന്താരാഷ്ട്ര നിയമപ്രകാരമുള്ള കീഴ് വഴക്കങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. 

Latest News