ജമ്മു- ജമ്മുകശ്മീരിലെ ബുദ്ധ്ഗാമില്‍ കൊറോണ വൈറസ് പരിശോധനക്ക് എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം. കൊറോണ വൈറസ് പരിശോധനയുടെ ഭാഗമായുള്ള സ്‌ക്രീനിങ്ങിന് എത്തിയ ഉദ്യോഗസ്ഥരെയാണ് പ്രദേശവാസികള്‍ പിടികൂടി ബന്ദികളാക്കിയത്.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസുകാര്‍ക്ക് നേരെ കല്ലേറ് നടന്നതായും മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റതായും ബുദ്ധ്ഗാം എസ്പി അമോദ് നാഗപൊരേ അറിയിച്ചു.എന്നിരുന്നാലും ആരോഗ്യപ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വത്തോര മേഖലയിലുള്ള ആളുകള്‍ക്ക് നേരെ കേസ് രജിസ്ട്രര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം മേഖലകളില്‍ ജോലിയ്ക്കായി പോകുമ്പോള്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഈ മേഖലയിലെ ഒരു ഡോക്ടര്‍ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ ജീവന്‍ പണയം വെച്ചാണ് ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനായി പ്രയത്‌നിക്കുന്നതെന്നും അവര്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തരുതെന്നും ഹെല്‍ത്ത് കമ്മീഷണര്‍ അടല്‍ ദുല്ലേ അറിയിച്ചു. ഏപ്രില്‍ 12വരെ ജമ്മുകശ്മീരില്‍ 207പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നാലു പേര്‍ മരിക്കുകയും ആറ് രോഗികള്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരാകുകയും ചെയ്തിട്ടുണ്ട്. ആയിരത്തോളം പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.