തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കോവിഡ് ബാധിച്ച യുവാവ് ജീവനൊടുക്കി

അകോല- ദല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ശേഷം കോവിഡ് സ്ഥിരീകരിച്ച യുവാവ് ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ അകോല ജില്ലയിലാണ് സംഭവം.

അസം സ്വദേശിയായ 30 കാരന്‍ യുവാവ് മാര്‍ച്ച് ആറ് മുതല്‍ എട്ട് വരെ ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് അകോല ഗവ. മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റല്‍ ഡീന്‍ ഡോ.അപൂര്‍വ് പാവ്‌ഡെ പറഞ്ഞു.

ഏപ്രില്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബാത്ത് റൂമില്‍ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തുന്നതിനിടെ എട്ടു മണിയോടെ മരിച്ചു.

അതീവ മാനസിക സംഘര്‍ഷത്തിലായിരുന്ന യുവാവിന് വിദഗ്ധര്‍ കൗണ്‍സലിംഗ് നടത്തിയിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആത്മഹത്യയാണെന്നും അന്വേഷണം നടത്തിവരികയാണെന്നും കോട്‌വാലി പോലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News