സൗദിയില്‍നിന്ന് ശുഭവാര്‍ത്തക്ക് കാതോര്‍ത്ത് മറ്റൊരു മലയാളി കുടുംബം

അല്‍ഹസ- സൗദിയിലെ അല്‍ഹസയില്‍ മലയാളിയുടെ തിരോധാനത്തിന് ഒന്നര വര്‍ഷം പൂര്‍ത്തിയാകുന്നു. മൂന്ന് വര്‍ഷം മുമ്പ് കാണാതായ കണ്ണൂര്‍ സ്വദേശിയെ കണ്ടെത്തിയെന്ന വാര്‍ത്ത മലപ്പുറം കൊണ്ടോട്ടിയിലെ മുജീബ് റഹ്്മാന്റെ കുടുംബത്തില്‍ വീണ്ടും പ്രതീക്ഷ നിറച്ചിരിക്കയാണ്. ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബം പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരുന്നു.

അവധിക്കാലം കഴിഞ്ഞെത്തിയ കൊണ്ടോട്ടി ചിറയില്‍ ചുങ്കം സ്വദേശി മുജീബ് റഹ് മാന്‍ (46) 2018 ഒക്ടോബര്‍ ഏഴിനാണ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. ഒക്ടോബര്‍ രണ്ടിന് സൗദിയിലേക്ക് മടങ്ങുമ്പള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. ബാപ്പയെ കാണാത്ത മകന്‍ മുഹമ്മദ് നിഷാലിന് ഇപ്പോള്‍ ഒരു വയസ്സു കഴിഞ്ഞു. മുജീബിനെ കണ്ടെത്താന്‍ പോലീസ് സ്‌റ്റേഷനുകള്‍ വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.  

https://www.malayalamnewsdaily.com/sites/default/files/2020/04/12/nishal.jpg

മുഹമ്മദ് നിഷാല്‍

അല്‍ഹസയില്‍ ഖത്തര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ജോലി ചെയ്തിരുന്ന മുജിബ് റഹ് മാന്‍ വീട്ടുകാരടക്കം പിന്നീട് ആരുമായും ബന്ധപ്പെട്ടതായി വിവരമില്ല. മുജീബ് ജോലി ചെയ്തിരുന്ന ക്യാമ്പിലെ മലയാളികളുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകര്‍ മരുഭൂമിയില്‍ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഒന്നര മാസത്തെ അവധി കഴിഞ്ഞ് വരുമ്പോള്‍ മുജീബ് കൊണ്ടുവന്നിരുന്ന ബാഗേജ് അതേപോലെ മുറിയിലുണ്ടായിരുന്നു. ശമ്പള ബാക്കിയായി ലഭിച്ചിരുന്ന 3500 റിയാലും ചെറിയ ബാഗും മൊബൈല്‍ ഫോണും എടുത്താണ് അദ്ദേഹം മുറി വിട്ടിറങ്ങിയിരുന്നത്.

മരുഭൂമിയില്‍ ആട്ടിടയന്മാരോടൊക്കെ വിവരം പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകര്‍ സല്‍വ അതിര്‍ത്തിവരെ പോയിരുന്നു.
അല്‍ഹസ, ദമാം എന്നിവിടങ്ങളില്‍ ജയിലുകളിലും ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലുമൊക്കെ സ്പോണ്‍സറുടെ സഹായത്തോടെ അന്വേഷിച്ചിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ബാലുശ്ശേരി പറയുന്നു. അപ്രത്യക്ഷനായതിനെ തുടര്‍ന്ന് ഹുറൂബ് രേഖപ്പെടുത്തിയെങ്കിലും അന്വേഷണത്തില്‍ സ്പോണ്‍സര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
മുജീബിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുജീബ് ബാലുശ്ശേരി (0551955975),അനില്‍ റഹിമ (0555236457) എന്നിവരുമായി ബന്ധപ്പെടണം.

 

 

Latest News