പാട്യാല- പഞ്ചാബിൽ ലോക്ക്ഡൗണിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരന്റെ കൈ വെട്ടിമാറ്റി അക്രമി സംഘം. പഞ്ചാബിലെ പാട്യാല ജില്ലയിലെ പച്ചക്കറി മാർക്കറ്റിലാണ് സംഭവം. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹർജീത് സിംഗിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. അക്രമത്തിൽ വേറെയും പോലീസുകാർക്ക് പരിക്കേറ്റു. പോലീസുകാരന്റെ സർജറി പുരോഗമിക്കുകയാണെന്ന് പഞ്ചാബ് പോലീസ് മേധാവി ദിൻകർ ഗുപ്ത അറിയിച്ചു. പഞ്ചാബിൽ കോവിഡുമായി ബന്ധപ്പെട്ട് സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇവിടെ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.