പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയം: കെ.എം.സി.സിയുടെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്

കൊച്ചി- കോവിഡിനെ തുടർന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയത് മൂലം യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ എന്തെങ്കിലും നയ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ, പ്രവാസി വ്യവസായി അഫി ഉദിനൂർ എന്നിവർ നൽകിയ ഹരജിയിലാണ് കോടതി നിർദ്ദേശം. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഈ 17-ലേക്ക് മാറ്റി. കോവിഡ് ഭീഷണി നേരിടാൻ കേരളം മികച്ച പ്രയത്‌നമാണ് നടത്തിയതെന്നും ഇത് ലോകത്തിന് തന്നെ മാതൃകയാണെന്നും ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. പ്രവാസികൾ തിരിച്ചെത്തുന്ന സഹചര്യമുണ്ടായാൽ സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. 
അതേസമയം, സമാനവിഷയത്തിൽ പ്രവാസി സെല്ലിന്റെ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
 

Latest News