Sorry, you need to enable JavaScript to visit this website.

കൊവിഡ് അതീവ ഗുരുതരമയി ബാധിച്ചവരില്‍  മരുന്ന് പരീക്ഷണം ഫലം കണ്ടെന്ന് സൂചന

വാഷിങ്ടന്‍- കോവിഡ്19 രോഗം ബാധിച്ച് അതീവഗുരുതര നിലയില്‍ കഴിഞ്ഞ ചിലരില്‍ പരീക്ഷിച്ച മരുന്ന് ഫലം കണ്ടതായി റിപ്പോര്‍ട്ട്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യ പറയുന്നത്. കലിഫോര്‍ണിയയിലെ ഗിലിയഡ് സയന്‍സസ് എന്ന മരുന്നു കമ്പനിയുടെ മരുന്നാണ് കൊവിഡ് രോഗികളില്‍ ഉപയോഗിച്ചതെന്നാണ് വിവരം. അതേസമയം, ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട മറ്റു വൈറസുകള്‍ക്കെതിരെ ഗിലിയഡ് സയന്‍സസിന്റെ മരുന്നുകള്‍ പരീക്ഷിച്ചു വിജയിച്ചിരുന്നു. ലബോറട്ടറി പരീക്ഷണത്തില്‍ കോവിഡ്19 രോഗമുണ്ടാക്കുന്ന വൈറസിനെതിരെ റെംഡിസിവിയര്‍ എന്ന ഈ മരുന്നു വിജയകരമാണെന്നു കണ്ടെത്തിയിരുന്നു. അഞ്ച് കമ്പനികളാണ് റെംഡിസിവിയര്‍ മരുന്നില്‍ പരീക്ഷണം നടത്തുന്നത്. അടിയന്തരഘട്ടങ്ങളില്‍ 1700 ഓളം പേര്‍ക്ക് ഈ മരുന്നു നല്‍കിയതായി എപി റിപ്പോര്‍ട്ട് ചെയ്തു.
23 മുതല്‍ 82 വരെ വയസ്സുള്ള 53 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് പുറത്തുവിട്ടത്. യുഎസ്, യൂറോപ്പ്, കാനഡ, ജപ്പാന്‍ തുടങ്ങി രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍. ഇതില്‍ 34 പേര്‍ ശ്വാസഗതിക്ക് യന്ത്രസഹായം സ്വീകരിച്ചവരാണ്. 10 ദിവസം ഐവി വഴിയാണ് ശരീരത്തിലേക്കു മരുന്നു നല്‍കിയത്. 18 ദിവസത്തെ ശരാശരി പരിഗണിച്ചപ്പോള്‍ 68% രോഗികള്‍ക്കാണ് ശ്വസന സഹായം ഒഴിവാക്കാനായത്. എന്നാല്‍ എട്ടു പേരുടെ നില ഗുരുതരമായി.
70 വയസിനു മേല്‍ പ്രായമുള്ള ഏഴുപേര്‍ മരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നാലുപേരിലെ പരീക്ഷണം ഇടയ്ക്ക് ഒഴിവാക്കി. മറ്റു മരുന്നു പരീക്ഷണങ്ങളെ അപേക്ഷിച്ച് ഗിലിയഡ് സയന്‍സസ് നടത്തിയ പരീക്ഷണത്തില്‍ മരണനിരക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ട്. 13% മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാപകമായി മരുന്ന് പരീക്ഷിച്ചാലേ ഈ വസ്തുത ഉറപ്പിക്കാനാകൂയെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Latest News