ഇടുക്കി കോവിഡ് മുക്തം;  ജില്ലാ ഭരണകൂടത്തിന് ആശ്വാസം 

കോവിഡ് രോഗ വിമുക്തി നേടി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി വിടുന്നവർ ജില്ലാ കലക്ടർ എച്ച്. ദിനേശനോട് സംസാരിക്കുന്നു

ഇടുക്കി - പത്ത് കോവിഡ്  രോഗബാധിതർ ഉണ്ടായിരുന്ന ഇടുക്കിയിലെ അവസാനത്തെ രോഗിയുടെ ഫലവും നെഗറ്റീവ്. ഇതോടെ ഇടുക്കി  കൊറോണ സ്ഥിരീകരിച്ച് പോസിറ്റീവായി തുടരുന്നവർ ഇല്ലാത്ത രണ്ടാമത്തെ  ജില്ലയായി. കോവിഡ് രോഗം ജില്ലയിൽ അവസാനമായി റിപ്പോർട്ട് ചെയ്തത് ഏപ്രിൽ  2 നാണ്. ജില്ലയിലെ രോഗബാധിതരിൽ ഒരാൾ യു.കെ പൗരനും മറ്റൊരാൾ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉസ്മാനുമായിരുന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ നിന്നെത്തിയ കുമ്പങ്കല്ല് സ്വദേശി നവാസാണ് അവസാനത്തെ രോഗവിമുക്തൻ. 
ഓരോ രോഗിയുടെയും റൂട്ട് മാപ്പ് ഉൾപ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെ കോവിഡിന്റെ ഭീതി അകറ്റാൻ കഴിഞ്ഞുവെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും രാപ്പകൽ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ജില്ലയിൽ പുതുതായി രോഗികളില്ല എന്നത് എല്ലാവർക്കും വളരെ ആശ്വാസം പകരുന്ന കാര്യമാണ്. ആരോഗ്യ വകുപ്പിനു കീഴിൽ ജില്ലാ തലത്തിൽ ഡി എം ഒയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച കോവിഡ് കൺട്രോൾ സെൽ വളരെ ചിട്ടയായ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ പ്രത്യേകം ഡോക്ടർമാരും മറ്റു ജീവനക്കാരുമുണ്ട്.
 അതിർത്തിയിൽ പോലീസ് ശക്തമായ നിരീക്ഷണം നടത്തിവരുന്നു. മൂന്നാറിൽ പൂർണ ലോകൗട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംദിനങ്ങളിലും ഇപ്പോഴുള്ള പ്രവർത്തനം ചിട്ടയായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. 4372 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുളളത്. ഇതിൽ 4364 പേരും വീട്ടിലാണ്. 

 

 

Latest News