കോഴിക്കോട്- ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. എടച്ചേരി സ്വദേശിയായ 67 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ മക്കൾ രണ്ടുപേരും മാർച്ച് 18 ന് ദുബായിൽനിന്ന് വരികയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. ഏപ്രിൽ രണ്ടിന് അയച്ച സാമ്പിൾ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഏപ്രിൽ 10 ന് ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം അയച്ച സാമ്പിളാണ് പോസിറ്റീവ് ആയത്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന കുടുംബാംഗങ്ങളെ കൂടി ടെസ്റ്റ് ചെയ്യുന്നതിന് ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ്.
ഇതുൾപ്പെടെ ജില്ലയിൽ ആകെ സ്ഥിരീകരിച്ച 13 പോസിറ്റീവ് കേസുകളിൽ ആറു പേരെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഏഴ് പേർ ചികിത്സ തുടരുന്നു. ഇതുകൂടാതെ മൂന്ന് ഇതര ജില്ലക്കാരിൽ രണ്ട് കാസർകോട് സ്വദേശികൾക്കും രോഗം ഭേദമായി. ഒരു കണ്ണൂർ സ്വദേശി ചികിത്സയിലുണ്ട്.
ജില്ലയിൽ ഇന്നലെ 437 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 5286 ആയി. നിലവിൽ ആകെ 17,387 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 4 പേർ ഉൾപ്പെടെ 23 പേർ ആണ് ആശുപത്രി നിരീക്ഷണത്തിലുണ്ട്. 11 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തു.
ഇന്ന് 21 സ്രവസാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 484 സ്രവ സാമ്പിളുകൾ അയച്ചതിൽ 460 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 444 എണ്ണം നഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.






