ന്യൂദല്‍ഹി- സ്വകാര്യ ലാബുകള്‍ കോവിഡ് പരിശോധന സൗജന്യമാക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. എല്ലാവർക്കുമായി പരിശോധന സൗജന്യമാക്കിയാൽ സ്വകാര്യ ലാബുകൾ സാമ്പത്തികമായി ഞെരുക്കത്തിലാവുമെന്നും ഇത് ലാബിന്റെ പ്രവര്‍ത്തനത്തേതന്നെ ബാധിക്കുമെന്നുമാണ് ഇതുസംബന്ധിച്ച് കൗശല്‍കാന്ത് മിശ്ര എന്ന ഓര്‍ത്തോപീഡിക് സര്‍ജന്‍ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
മാർച്ച് 17 ലെ ഐസിഎംആർ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്ന നിരക്കനുസരിച്ച് സ്വകാര്യ ലാബുകൾക്ക് കോവിഡ് -19 പരിശോധന നടത്താൻ അനുവദിക്കണമെന്നാണ് മിശ്രയുടെ ആവശ്യം. COVID-19 സ്ക്രീനിംഗ്, സ്ഥിരീകരണ പരിശോധനകൾക്കായി 4,500 രൂപ ഈടാക്കാൻ സ്വകാര്യ ലാബുകളെ കേന്ദ്രസര്‍ക്കാര്‍ നേരത്തേ അനുവദിച്ചിരുന്നു. ഇത് തുടരണമെന്നാണ് ഹരജിയിലെ വാദം. യുകെയിൽ, സ്വകാര്യ ലാബുകൾ ഒരു ടെസ്റ്റിന് 425 ഡോളർ(32,375 രൂപ) വരെ ഈടാക്കുന്നതായും മിശ്ര ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ 8ന് പുറപ്പെടുവിച്ച ഉത്തരവിലാണ് സ്വകാര്യ ലാബുകള്‍ കോവിഡ് 19 പരിശോധന സൗജന്യമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സ്വകാര്യ ലാബുകൾ ജീവകാരുണ്യപ്രവർത്തനം നടത്തേണ്ടതുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിൽ നിരീക്ഷിച്ചിരുന്നു.






