വിദേശ തൊഴിലാളികൾക്കിടയിൽ കൊറോണ വ്യാപനം തടയുന്നതിനു പദ്ധതികൾ

റിയാദ് - വിദേശ തൊഴിലാളികൾക്കിടയിൽ കൊറോണ വ്യാപനം തടയുന്നതിന് ലക്ഷ്യമിട്ട് ഏതാനും പദ്ധതികൾക്ക് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം തുടക്കം കുറിച്ചു. ലേബർ ക്യാമ്പുകളിൽ കൂട്ടത്തോടെ കഴിയുന്ന വിദേശ തൊഴിലാളികളെ ബദൽ കെട്ടിടങ്ങൾ കണ്ടെത്തി കൂടുതൽ സുരക്ഷിതമായ മറ്റു താമസ സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. ക്യാമ്പുകളിൽ കഴിയുന്ന വിദേശ തൊഴിലാളികളെ പാർപ്പിക്കുന്നതിന് വിട്ടുനൽകാൻ ആഗ്രഹിക്കുന്ന ബദൽ താമസ സ്ഥലങ്ങൾ വ്യക്തികൾക്കും കമ്പനികൾക്കും രജിസ്റ്റർ ചെയ്യുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പുതിയ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. 


കെട്ടിടങ്ങളുടെ സ്ഥാനം, വിസ്തീർണം, ശേഷി, ചിത്രങ്ങൾ, മുറികളുടെ എണ്ണം, സൗജന്യമായാണോ, അതല്ല, വാടകക്കാണോ കെട്ടിടങ്ങൾ വിട്ടുനൽകാൻ ആഗ്രഹിക്കുന്നത് എന്നിവ അടക്കമുള്ള വിവരങ്ങൾ പോർട്ടലിൽ നൽകണം. തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം തടയുന്നതിന് സഹായിക്കുന്ന നിലക്ക് കെട്ടിടങ്ങൾ മാനദണ്ഡങ്ങൾക്ക് നിരക്കുന്നതാണെന്ന് രജിസ്‌ട്രേഷൻ കാലത്ത് മന്ത്രാലയം അന്വേഷിച്ച് ഉറപ്പു വരുത്തും. താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ, ഫഌറ്റുകൾ, ഇസ്തിറാഹകൾ, ഗോഡൗണുകൾ, ഹോട്ടലുകൾ, സ്‌കൂളുകൾ, ഫാക്ടറികൾ, ആശുപത്രികൾ എന്നിവയെല്ലാം പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 


രോഗവിമുക്തമായ ആരോഗ്യ സാഹചര്യങ്ങളിൽ രാജ്യത്തെ മുഴുവൻ തൊഴിലാളികളെയും മാറ്റിപ്പാർപ്പിക്കുന്നതിന് പര്യാപ്തമായത്ര ബദൽ കെട്ടിടങ്ങൾ കണ്ടെത്താൻ സാധിക്കുന്നതിനാണ് വ്യത്യസ്ത ഇനങ്ങളിൽ പെട്ട കെട്ടിടങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസരമൊരുക്കിയിരിക്കുന്നത്. വിദേശ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ തിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഏതാനും പദ്ധതികൾ അംഗീകരിക്കുന്നതിന് മറ്റേതാനും സർക്കാർ വകുപ്പുകളുമായി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം സഹകരിച്ചുവരികയാണ്. വൈകാതെ ഈ പദ്ധതികളെ കുറിച്ച് പരസ്യപ്പെടുത്തുമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പറഞ്ഞു.


 

Latest News