സൗദിയിൽ ശുചീകരണ തൊഴിലാളികളെ സ്‌കൂളുകളിലേക്ക് മാറ്റി

ദമാം - അശ്ശർഖിയ നഗരസഭക്കു കീഴിലെ ശുചീകരണ ജോലികൾ അടക്കമുള്ള പദ്ധതികളുടെ കരാറുകളേറ്റെടുത്ത കമ്പനികൾക്കു കീഴിലെ 80 ശതമാനം തൊഴിലാളികളെ ലേബർ ക്യാമ്പുകളിൽ നിന്ന് സ്‌കൂളുകളിലേക്ക് മാറ്റാൻ നഗരസഭ കരാറുകാർക്ക് നിർദേശം നൽകി. കൊറോണ വ്യാപനം തടയുന്നതിന് കൂടുതൽ മികച്ച മുൻകരുതലുകൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ മന്ത്രാലയ ശാഖയുമായി സഹകരിച്ച് ലേബർ ക്യാമ്പുകളിലെ 80 ശതമാനം തൊഴിലാളികളെ താൽക്കാലിക താമസസ്ഥലങ്ങളായി സജ്ജീകരിച്ച സ്‌കൂളുകളിലേക്ക് മാറ്റിയതായി അശ്ശർഖിയ മേയർ എൻജിനീയർ ഫഹദ് അൽജുബൈർ പറഞ്ഞു. 
തൊഴിലാളികൾക്കിടയിൽ കൊറോണബാധ തടയുന്നതിനും ലേബർ ക്യാമ്പുകളിലെ തിരക്ക് കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് തൊഴിലാളികളെ സ്‌കൂളുകളിലേക്ക് മാറ്റിയത്. കിഴക്കൻ പ്രവിശ്യയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് സ്വീകരിച്ച 15 സ്‌കൂളുകളിലേക്കാണ് ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റിയത്. 


വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് സ്‌കൂളുകൾ സ്വീകരിച്ചയുടൻ സ്‌കൂൾ കെട്ടിടങ്ങളുടെ പ്രവേശനങ്ങളിൽ അണുനശീകരണ കവാടങ്ങൾ സജ്ജീകരിക്കുകയും കെട്ടിടങ്ങൾ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും റൂമുകളും ടോയ്‌ലറ്റുകളും സജ്ജീകരിക്കുകയും ചെയ്തു. താൽക്കാലികമായി സജ്ജീകരിച്ച താമസ സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചുനൽകുന്നതും ഉറപ്പു വരുത്തിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ കൈകൾ അണുവിമുക്തമാക്കുന്നതിന് അണുനശീകരണികളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ തൊഴിലാളികൾക്കിടയിൽ മാസ്‌കുകളും കൈയുറകളും വിതരണം ചെയ്തു. 
ജോലിക്കിടെ പിൻപറ്റേണ്ട സുരക്ഷിത നടപടികളെ കുറിച്ച് തൊഴിലാളികളെ പതിവായി ബോധവൽക്കരിക്കുന്നുമുണ്ട്. രോഗബാധ സംശയിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതിന് താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ഇവിടങ്ങളിൽ തിരികെ പ്രവേശിക്കുമ്പോഴും തൊഴിലാളികളുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. അൽകോബാറിലും ദഹ്‌റാനിലും കിഴക്ക്, മധ്യ, പശ്ചിമ ദമാമിലും തൊഴിലാളികളുടെ തൊഴിൽ സ്ഥലങ്ങൾക്ക് അടുത്തുള്ള സ്‌കൂളുകളാണ് ബദൽ താമസ സ്ഥലങ്ങൾക്ക് തെരഞ്ഞെടുത്തത്. ഇത് നഗരങ്ങൾക്കകത്ത് തൊഴിലാളികളുടെ യാത്രാ ദൂരം കുറക്കും. രോഗവ്യാപന സാധ്യതയും കുറക്കാൻ ഇതിലൂടെ സാധിക്കും. പതിനഞ്ചു സ്‌കൂളുകളിലായി വീതിച്ച ചെറിയ യൂനിറ്റുകളായി ലേബർ ക്യാമ്പുകൾ മാറ്റിയതിലൂടെ രോഗബാധ സംശയിക്കപ്പെടുന്ന സാഹചര്യങ്ങളിൽ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ കുറയുമെന്ന് അശ്ശർഖിയ മേയർ എൻജിനീയർ ഫഹദ് അൽജുബൈർ പറഞ്ഞു.
 

Latest News