റിയാദ് - സൗദിയിലെ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ഓപറേഷനുകൾ നീട്ടിവെച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. അതിവേഗത്തിലാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ആശുപത്രികളിൽ കൊറോണ പടർന്നുപിടിക്കുന്നതിൽ ആശങ്കയുണ്ട്. കൊറോണ രോഗികളെ ചികിത്സിക്കുന്നതിന് ബെഡുകൾ സജ്ജീകരിക്കുന്നതിനാണ് അടിയന്തരമല്ലാത്ത ഓപറേഷനുകൾ നീട്ടിവെച്ചത്. കൊറോണ വ്യാപിക്കുന്ന പക്ഷം ഈ ബെഡുകൾ ആവശ്യമായി വരും.
കൊറോണ നിർമാർജനത്തിൽ നിരവധി സംഘങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ മികച്ചതും അതിശയകരവുമായ ശ്രമങ്ങളാണ് നടത്തുന്നത്. ഇവരുടെ പ്രവർത്തനം നമ്മുടെ ആരോഗ്യ സുരക്ഷയുടെ ഭാഗമാണ്. ആരോഗ്യ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങളെ താൻ വിലമതിക്കുന്നു. ആരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളി വലുതാണ്. സൗദി പൗരന്മാരും വിദേശികളും ഒരേ കപ്പലിലാണ്. രോഗവ്യാപനം തടയുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുകയും ഒരുമിച്ച് ശ്രമിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ എല്ലാവർക്കും സുരക്ഷിതമായി കരയിലെത്താൻ സാധിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.






