Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബഹ്‌റൈനിൽ കുടുങ്ങിയ സൗദികളുടെ ഒഴിപ്പിക്കൽ പൂർത്തിയായി

റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് വിമാന സർവീസുകൾ നിർത്തിവെക്കുകയും അതിർത്തികൾ അടക്കുകയും ചെയ്തതോടെ ബഹ്‌റൈനിൽ കുടുങ്ങിയ മുഴുവൻ സൗദി പൗരന്മാരെയും ഒഴിപ്പിച്ച് സ്വദേശത്ത് എത്തിച്ചതായി ബഹ്‌റൈനിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ അഹ്മദ് രാജകുമാരൻ അറിയിച്ചു. ബഹ്‌റൈനിൽ നിന്ന് 956 സൗദി പൗരന്മാരെയാണ് പ്രത്യേകം ഏർപ്പെടുത്തിയ ബസുകളിൽ കിംഗ് ഫഹദ് കോസ്‌വേ വഴി ഒഴിപ്പിച്ചതെന്നും അംബാസഡർ പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ ക്വാറന്റൈനുകളാക്കി മാറ്റിയ ഹോട്ടലുകളിലാണ് ബഹ്‌റൈനിൽ നിന്ന് ഒഴിപ്പിച്ചവരെ താമസിപ്പിച്ചിരിക്കുന്നത്. പതിനാലു ദിവസം ക്വാറന്റൈനിൽ പൂർത്തിയാക്കുകയും കൊറോണ വിമുക്തരാണെന്ന് പരിശോധനകളിലൂടെ ഉറപ്പു വരുത്തുകയും ചെയ്ത ശേഷം മാത്രമേ ഇവരെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുകയുള്ളൂ. 


വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാരെ സ്വദേശത്ത് തിരിച്ചെത്തിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യമായി ഒഴിപ്പിച്ചത് ബഹ്‌റൈനിൽ കുടുങ്ങിയ സൗദി പൗരന്മാരെയാണ്. വിമാന മാർഗം സൗദി പൗരന്മാരെ ആദ്യമായി ഒഴിപ്പിച്ചത് ഇന്തോനേഷ്യയിൽ നിന്നാണ്. ജക്കാർത്തയിൽ നിന്ന് സൗദിയയുടെ പ്രത്യേക വിമാനത്തിൽ 250 പേരെ കഴിഞ്ഞ ദിവസം റിയാദിലെത്തിച്ചു. ഇന്തോനേഷ്യയിൽ കുടുങ്ങിയ മുഴുവൻ സൗദി പൗരന്മാരും മടക്കയാത്രക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ആരോഗ്യ, സാമൂഹിക സ്ഥിതികൾ നോക്കി മുൻഗണനാ ക്രമം അനുസരിച്ച് എല്ലാവരെയും ഒഴിപ്പിക്കുമെന്ന് ജക്കാർത്ത സൗദി അംബാസഡർ ഉസാം അൽസഖഫി പറഞ്ഞു. 


അമേരിക്കയിൽ നിന്ന് ഒഴിപ്പിച്ചവരെ വഹിച്ചുള്ള ആദ്യ വിമാനം ഇന്നലെ റിയാദിലെത്തി. വാഷിംഗ്ടണിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് 200 ഓളം സൗദി പൗരന്മാരുമായി വിമാനം പറന്നുയർന്നത്. വാഷിംഗ്ടൺ സൗദി എംബസി ചെലവിൽ ആതിഥ്യം തേടി ആയിരത്തോളം സൗദി പൗരന്മാർ അപേക്ഷ നൽകിയിരുന്നു. ഇവരെ എംബസി ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുപത്തിയഞ്ചു ദിവസമായി വാഷിംഗ്ടണിലെ ഹോട്ടലുകളിൽ കഴിയുന്ന സൗദി പൗരന്മാർക്ക് എല്ലാവിധ സേവനങ്ങളും ആരോഗ്യ പരിചരണങ്ങളും നൽകുന്നുണ്ട്. വാഷിംഗ്ടണിൽ പഞ്ചനക്ഷത്ര ഹോട്ടലിലാണ് എംബസി തനിക്ക് താമസം ഏർപ്പാടാക്കി നൽകിയതെന്ന് ആദ്യ വിമാനത്തിൽ മടങ്ങിയെത്തിയ അഹ്മദ് അൽഅമ്മാർ പറഞ്ഞു. സ്വന്തം നാടു കാണണമെന്ന അടക്കാനാകാത്ത മോഹം കാരണമാണ് മടക്കയാത്രക്ക് താൻ രജിസ്റ്റർ ചെയ്തതെന്നും അഹ്മദ് അൽഅമ്മാർ പറഞ്ഞു.
 

Latest News