Sorry, you need to enable JavaScript to visit this website.

സൗദി കിരീടാവകാശിയും റഷ്യൻ പ്രസിഡന്റും ചർച്ച നടത്തി

ജ-20 രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെ യോഗത്തിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷത വഹിക്കുന്നു. 

റിയാദ് - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിനും ചർച്ച നടത്തി. സൗദി കിരീടാവകാശിയുമായി റഷ്യൻ പ്രസിഡന്റ് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ആഗോള എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിനും ഭദ്രത നിലനിർത്തുന്നതിനും നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു. മുഴുവൻ എണ്ണയുൽപാദക രാജ്യങ്ങളും ഇക്കാര്യത്തിൽ സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു.


അതിനിടെ, എണ്ണ വിപണിയിൽ സ്ഥിരത വീണ്ടെടുക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും മുഴുവൻ രാജ്യങ്ങളും നടത്തണമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ജി-20 രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെ അസാധാരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസ് രീതിയിൽ ചേർന്ന യോഗത്തിൽ ഏതാനും അന്താരാഷ്ട്ര സംഘടനകളും നോർവേയും പങ്കെടുത്തു. സാമ്പത്തിക വളർച്ച വേഗത്തിലും ശക്തമായും വീണ്ടെടുക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. നിലവിലെ ഈ ആഗോള പ്രതിസന്ധിക്കിടെ വിശ്വാസയോഗ്യമായ നിലക്കും കുറഞ്ഞ നിരക്കിലുമുള്ള എണ്ണ ലഭ്യത ആരോഗ്യ സേവനങ്ങൾ അടക്കം അടിസ്ഥാന സേവനങ്ങൾ നൽകുന്നതിന് അനിവാര്യമാണ്. 
കോവിഡ്-19 ആരോഗ്യ, സാമ്പത്തിക മേഖലകളിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ ഇപ്പോൾ അനുഭവിക്കുന്നു. കോവിഡ്19 വ്യാപനം കാരണമായി ആരോഗ്യ സംവിധാനങ്ങൾ തകർന്നിരിക്കുന്നു. സാമ്പത്തിക വളർച്ച കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള ഊർജ വിപണിയെ പോലെ തന്നെ ലോക ഓഹരി വിപണികളിലും അരാജകത്വമാണ് നിലനിൽക്കുന്നത്. ഇത് ലോക രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയെയും പ്രതികൂലമായി ബാധിക്കും. 


മുമ്പുണ്ടാകാത്ത നിലക്കുള്ള പ്രയാസകരമായ സാഹചര്യമാണ് നാം അഭിമുഖീകരിക്കുന്നത്. സത്വരവും ഏകോപനത്തോടെയുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഈ സാഹചര്യം ആവശ്യപ്പെടുന്നു. ഊർജ വിപണികളിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിന്റെ ആഘാതം വ്യവസായവും ഗതാഗതവും ഉൾപ്പെടെ മറ്റു മേഖലകളിലേക്കും വ്യാപിക്കുകയും ഊർജ മേഖലയിലെ നിക്ഷേപങ്ങളുടെ വേഗത കുറക്കുകയും ചെയ്തിരിക്കുന്നു. ഊർജ മേഖലാ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പര്യാപ്തവും സുസ്ഥിരവുമായ നിക്ഷേപങ്ങൾ നടത്തിയില്ലെങ്കിൽ ആഗോള തലത്തിൽ ഊർജ സുരക്ഷ അപകടത്തിലാകും. വിതരണ ശൃംഖലകളുടെ എല്ലാ ഭാഗങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ തന്നെ പ്രകടമായിട്ടുണ്ട്. കമ്പനികൾ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നു. മൂലധന ധനവിനിയോഗങ്ങൾ കുറഞ്ഞിരിക്കുന്നു. തൊഴിലുകൾ നഷ്ടപ്പെടുന്നു. 


പ്രതിസന്ധികളിൽ വിശ്വാസയോഗ്യവും കുറഞ്ഞ നിരക്കിലുമുള്ള എണ്ണ ലഭ്യത പൗരന്മാർക്ക് അടിസ്ഥാന സേവനങ്ങൾ നൽകാൻ സാധിക്കുന്നതിന് അനിവാര്യമാണ്. ആഗോള എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിന് മെക്‌സിക്കോ അടക്കം ജി-20 രാജ്യങ്ങളും യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട മറ്റു രാജ്യങ്ങളും നീതിയുടെയും സമത്വത്തിന്റെയും സുതാര്യതയുടെയും ഉൾപ്പെടുത്തലിന്റെയും തത്വങ്ങളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ അസാധാരണ നടപടികളെടുക്കണമെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. 

 

Latest News