കേരളത്തില്‍ 10 പേർക്ക് കൂടി കോവിഡ്; 19 പേർക്ക് രോഗമുക്തി

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ ഏഴുപേര്‍ക്കും കാസര്‍കോട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഏഴുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. നേരത്തേ രോഗബാധയുണ്ടായിരുന്ന 19 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായതായും തിരുവനന്തപുരത്ത് കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട്ട് ഒമ്പതുപേരും പാലക്കാട്ട് നാലുപേരും തിരുവനന്തപുരത്ത് മൂന്നുപേരും ഇടുക്കിയില്‍ രണ്ടുപേരും തൃശ്ശൂരില്‍ ഒരാളുമാണ് ഇന്ന് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 ബാധിച്ച് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 373 രോഗബാധിതരില്‍ 228 പേര്‍ വിവിധ ആശുപത്രികളിലായി ചികിൽസയിലുണ്ട്. 1,23,490 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,22,676പേർ വീടുകളിലും 814 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 201 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ഹോട്ട്സ്പോട്ടുള്ള ജില്ലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ക്‌ഡൗണിന് ഇളവുകൾ വരുത്താന്‍ സംസ്ഥാനത്തെ  അനുവദിക്കണം. അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കണം. വിവിധ രാജ്യങ്ങളിൽ പ്രയാസം അനുവദിക്കുന്ന പ്രവാസികൾക്ക് സഹായം എത്തിക്കാൻ എംബസികൾക്ക് നിർദേശം നൽകണം. എന്നീ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. ഹ്രസ്വകാല പരിപാടികള്‍ക്കയി പോയവരും വിസിറ്റിങ് വിസയില്‍ പോയവരും വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Latest News