വുഹാന്‍- ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. വിദേശത്തുനിന്ന് എത്തിയവരിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചതെങ്കിലും രോഗത്തിന്റെ വ്യാപനം ഇനിയും കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് വുഹാനിലെ ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ വുഹാനിലാണ് പുതിയ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിച്ചേരുന്ന കോവിഡ് രണ്ടാം വ്യാപനത്തിനു കാരണമാകുമോ എന്ന് ചൈനീസ് അധികൃതര്‍ ഭയപ്പെടുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയും വൈറസ് കണ്ടെത്തിയതാണ് ഭീതി വര്‍ധിപ്പിക്കുന്നത്.
ജനുവരി മുതല്‍ ചൈനയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഇതിനകം പിന്‍വലിച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് ചൈനയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ മരണം വിതച്ചത്. ഇതിനു പിന്നാലെ ലോകത്ത് വ്യാപിച്ച വൈറസ് ഇതിനകം ഒരു ലക്ഷത്തോളം പേരുടെ ജീവനെടുക്കുകയും 16 ലക്ഷം പേരെ ബാധിക്കുകയും ചെയ്തു. ലക്ഷണങ്ങളില്ലാത്തവരിലും വിദേശ യാത്ര കഴിഞ്ഞ് മടങ്ങി എത്തയവരിലും പുതുതായി രോഗം സ്ഥിരീകരിക്കുകയാണെന്ന് ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തുന്നു. അപകട ഭീഷണിയില്ലെന്ന് തീര്‍ത്തു പറയാനാവില്ലെന്ന് വുഹാന്‍ ലൈഷെന്‍ഷാന്‍ ഹോസ്പിറ്റല്‍ പ്രസിഡന്റ് വാങ് സിങ്‌വാന്‍ പറഞ്ഞു. പുതിയ ഹോസ്പിറ്റല്‍ നിര്‍മിച്ചാണ് വുഹാനില്‍ വൈറസ് രോഗികളെ പ്രവേശിപ്പിച്ചിരുന്നത്.
അതേസമയം, ചൈന നടപ്പിലാക്കിയ കടുത്ത നടപടികള്‍ ഫലം ചെയ്തിട്ടുണ്ടെന്നും വലിയ തോതിലുള്ള രണ്ടാം വ്യാപനം ഭയപ്പെടേണ്ടതില്ലെന്നും ചില വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഹോസ്പിറ്റലുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ വൈറസിനെ കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് വുഹാന്‍ അധികൃതര്‍ സംഘടിപ്പിച്ച ആശുപത്രി പര്യടനത്തിനുശേഷം വാങ് സിങ് വാന്‍ പറഞ്ഞു.
കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് ഗവേഷകര്‍. യൂറോപ്പിലും അമേരിക്കയിലും അനുഭവപ്പെട്ടതില്‍നിന്ന് വ്യത്യസ്തമാണ് ചൈനയിലെ വൈറസ് അനുഭവങ്ങളെന്ന് ഡോക്ടര്‍മാര്‍ കരുതുന്നതായി വുഹാനിലെ ഷോങ്‌നാന്‍ ആശുപത്രിയിലെ ഡോക്ടര്‍ ഷാവോ യാന്‍ പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും കോവിഡ് ബാധിച്ച പലര്‍ക്കും രുചിയും മണവും നഷ്ടപ്പെട്ടുവെങ്കിലും അതുപോലുള്ള ഉദാഹരണങ്ങള്‍ ചൈനയില്‍ കുറവാണെന്ന് ഷാവോ യാന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ചൈനയില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 46 കോവിഡ് കേസുകളില്‍ 42 എണ്ണവും വിദേശത്തുനിന്ന് എത്തിയവരിലാണെന്ന് ദേശീയ ഹെല്‍ത്ത് മിഷന്‍ അറിയിച്ചു. എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദേശ യാത്ര കഴിഞ്ഞെത്തിയവരില്‍ സ്ഥിരീകരിച്ച 22 കേസുകള്‍ വടക്കുകിഴക്കന്‍ പ്രവശ്യയായ ഹെയ്‌ലോങ്ജിയാങിലാണ്. റഷ്യന്‍ അതിര്‍ത്തി കടന്നാണ് ഇവിടേക്ക് ആളുകള്‍ എത്തുന്നത്. എന്നാല്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹെര്‍ബിനില്‍ ഒരു പ്രാദേശിക കേസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വുകപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രവിശ്യയില്‍ റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാന്‍ഷൗളി പട്ടണത്തില്‍ കോവിഡ് ബാധിതര്‍ക്കായി പുതിയ ആശുപ്രതി സജ്ജീകരിക്കുകയാണെന്നും ഇത് ചൊവ്വാഴ്ച പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് വിദേശികള്‍ക്ക് കര്‍ശന പരിശോധന നടത്താന്‍ ഗുവാങ്‌ഷോവിലും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആഫ്രിക്കന്‍ വംശജര്‍ക്ക് ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യവും ഭക്ഷണവും വിളമ്പരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കയാണെന്ന് നഗരത്തിലെ യു.എസ് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ചൈനയില്‍ കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത 34 പേരില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച ഇത്തരം 47 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും ഹെല്‍ത്ത് കമ്മീഷന്‍ വെളിപ്പെടുത്തുന്നു.






