ഓക്സ്ഫോര്‍ഡ്- കോവിഡ് 19 മഹാമാരിക്ക് എതിരെ ഓക്സ്ഫോർഡ് സർവകലാശാല സംഘം വികസിപ്പിച്ച വാക്സിന് അടുത്ത രണ്ടാഴ്ച്ചയ്ക്കകം മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങുമെന്ന് വാക്സിനോളജി പ്രൊഫസര്‍ സാറാ ഗിൽബെർട്ട്. തന്റെ ടീം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിന് ഫലപ്രദമാവുമെന്ന കാര്യത്തില്‍ തനിക്ക് 80 ശതമാനം ആത്മവിശ്വാസമുണ്ടെന്നും കാര്യങ്ങള്‍ ശരിയായി പുരോഗമിക്കുകയാണെങ്കില്‍ വരുന്ന സെപ്തംബറോടെ വാക്സിന് പുറത്തിറക്കുമെന്നും അവര്‍ വ്യക്തമാക്കി.
ബിട്ടനില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മറ്റേതെങ്കിലും സ്ഥലത്ത് വാക്സിന് പരീക്ഷണം നടത്താനാണ് ഗവേഷകര്‍ തയാറെടുക്കുന്നത്. എന്നാല്‍ ഏത് രാജ്യമാണ് ആദ്യം വാക്സിന് പരീക്ഷണത്തിന് വേദിയാവുക എന്ന് വ്യക്തമല്ല.
ലോകമെമ്പാടും ഒരു ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ട കൊറോണ വൈറസ് ബാധയ്ക്ക് എതിരെ വാക്സിൻ കണ്ടെത്താനുള്ള ആഗോള യജ്ഞത്തിന്റെ ഭാഗമായാണ് ഓക്സ്ഫോർഡ് സര്‍വകലാശാലയില്‍ സാറാ ഗിൽബെർട്ടിന്റെ നേതൃത്വത്തിലുള്ള ടീം വാക്സിന് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.വാക്സിന് ഗവേഷണത്തിനും വികസനത്തിനുമായി 21 കോടി യൂറോയാണ് ബ്രിട്ടന് ചെലവിടുക. വിവിധ ലോകരാജ്യങ്ങളുമായി സഹകരിച്ചുള്ള പരീക്ഷണം വിജയകരമായാല്‍ ലക്ഷക്കണക്കിന് ഡോസുകള്‍ വാങ്ങുമെന്ന് ബിട്ടന് അറിയിച്ചിട്ടുണ്ട്.






