Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ടു കോടിയുടെ വീട്, അൻപതേക്കർ റബർ എസ്റ്റേറ്റ്, ആഡംബര കാർ; ജോലി മോഷണം

മോഷണക്കേസിൽ പിടിയിലായയാളുടെ കണ്ണൂരിലെ വീട്.

കോഴിക്കോട് - മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നൂറിലധികം കളവുകൾ നടത്തിയ ധനിക ഒറ്റയാൾ മോഷ്ടാവ് പിടിയിൽ. കണ്ണൂർ ആലക്കോട് കുട്ടാപറമ്പ് കൊട്ടപറമ്പിൽ വീട് മുഹമ്മദിനെയാണ്(37) ഇന്നലെ കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ട് കോടിയിലേറെ രൂപ വിലമതിക്കുന്ന വീടും ആഡംബര കാറും ജീപ്പും അമ്പതേക്കർ റബർ എസ്റ്റേറ്റും പെട്രോൾ പമ്പും സ്വന്തമായുള്ള ഇയാൾ മോഷണത്തിനിറങ്ങുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ സഹായികളെ കൂട്ടുകയോ ചെയ്യാറില്ലെന്ന് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജ് അറിയിച്ചു. ഇന്നലെ പുലർച്ചെ 3.30ന് കാരന്തൂരിൽ വെച്ചാണ് വീട് കുത്തിപ്പൊളിക്കാനുപയോഗിക്കുന്ന ആയുധങ്ങൾ സഹിതം ഇയാളെ പിടികൂടിയത്. നൂറ് കേസുകൾക്കെങ്കിലും ഇതോടെ തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 30 കേസുകളിൽ മോഷണം നടത്തിയത് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.


കണ്ണൂരിലെ ഇയാളുടെ വീടിന്റെ കള്ള അറകളിൽ നിന്നായി 25 പവൻ സ്വർണാഭരണങ്ങളും നോട്ടുകെട്ടുകളും വാച്ചുകളും കണ്ടെടുത്തു. 2009 ൽ ഇരിക്കൂർ പോലീസ് കേസെടുത്ത ശേഷം ഇപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. വീട്ടിൽനിന്നും കാറിൽ തനിച്ച് പുറപ്പെട്ട് ബസ്സ്റ്റാന്റിലെത്തുകയും തുടർന്ന് ബസിൽ യാത്ര ചെയ്ത് അർദ്ധരാത്രിക്ക് ശേഷം മോഷണം നടത്താൻ തീരുമാനിച്ച സ്ഥലങ്ങളിലെത്തുകയുമാണ് രീതി. കൈവശം സൂക്ഷിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് വീടുകളുടെ പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന് വിലപിടിപ്പുള്ള ആഭരണങ്ങളും പണവും കവരുകയും ഒരു രാത്രിയിൽ പരമാവധി കയറാവുന്ന വീടുകളിൽ കയറി രാവിലെ ആർക്കും സംശയം തോന്നാത്ത രീതിയിൽ മാന്യമായ വസ്ത്രങ്ങൾ ധരിച്ച് ബസിൽ നാട്ടിൽ തിരിച്ചെത്തുകയുമാണ് പതിവ്. തലേന്ന് ഒളിപ്പിച്ചുവെച്ച ആയുധങ്ങളെടുത്ത് ആ സ്ഥലത്ത് നിന്ന് മോഷണം തുടരും. 

കൂടുതൽ അംഗസംഖ്യയുള്ള വീടുകളാണ് ഇയാൾ തെരഞ്ഞെടുക്കാറുള്ളത്. എന്തെങ്കിലും ശബ്ദം കേട്ടാൽ അത് അടുത്ത മുറിയിൽ ഉള്ളവരാണെന്ന് ധരിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ആരെങ്കിലും അറിഞ്ഞ് കള്ളനെ തിരയാൻ തുടങ്ങിയാൽ ഇയാൾ കൗശലത്തോടെ രക്ഷപ്പെട്ട് റോഡിന്റെ എതിർവശത്തുള്ള വീടുകളിൽ മോഷണം നടത്തും. മോഷണം കഴിഞ്ഞ് മടങ്ങുന്ന ഇയാൾ മാന്യമായി പരിഭ്രമമില്ലാതെ ഇടപഴകുന്നതിനാൽ യാതൊരു സംശയത്തിനും ഇടകൊടുക്കാറില്ല. 
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായി നാട്ടിൽ അറിയുന്ന ഇയാൾ ധനികനും മാന്യനുമായാണ് ജീവിക്കുന്നത്. രണ്ട് കോടി വിലമതിപ്പുള്ള വീട് സ്വയം രൂപകല്പന ചെയ്തതാണ്. കള്ള അറകൾ ഇതിലുണ്ട്. പെട്രോൾ പമ്പ് കാസർകോട് ജില്ലയിലാണ്. സ്വത്തുക്കൾ എല്ലാം മോഷണമുതലുകൾ വില്പന നടത്തിയും പണയം വെച്ചും സമ്പാദിച്ചവയാണെന്ന് അറിയുന്നു. മറ്റു വരുമാന സ്രോതസ്സില്ലെങ്കിൽ മുഴുവൻ മുതലും മോഷണത്തിൽ നിന്നുണ്ടാക്കിയതായി കണക്കാക്കും.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നൂറോളം ഭവനഭേദന മോഷണ കേസുകൾ ഇയാളാണ് ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റിയിൽ മാത്രം ഇയാൾ നടത്തിയ 30 മോഷണക്കേസുകൾ ഇയാളുടെ അറസ്റ്റോടെ തെളിയും. അടുത്ത കാലത്ത് കുന്ദമംഗലത്ത് നിന്ന് മോഷ്ടിച്ച ആഭരണങ്ങളും കെട്ടുപൊട്ടിക്കാത്ത കറൻസികളും മൂന്ന് റാഡോ വാച്ചുകളും ഇയാളുടെ വീട്ടിലെ രഹസ്യ അറയിൽ നിന്നും കണ്ടെടുത്തു. കോഴിക്കോട് നഗരത്തിൽ ഇത്തരം മോഷണങ്ങൾ നിരന്തരം നടന്നതിനാൽ സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ ഉത്തരവ് പ്രകാരം കോഴിക്കോട് സിറ്റി നോർത്ത് പോലീസ് അസി. കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ക്രൈംസ്‌ക്വാഡ് പദ്ധതി തയ്യാറാക്കി ദിവസങ്ങളോളം പല സ്ഥലങ്ങളിലും വേഷം മാറിയും ഒളിഞ്ഞും തെളിഞ്ഞും രാത്രികാലങ്ങളിൽ നടത്തിയ പരിശോധനയുടെയും ഇയാളുടെ മോഷണത്തിന്റെ പ്രത്യേക സ്വഭാവം വിശകലനം ചെയ്തുമാണ് ഇയാളെ വലയിലാക്കിയത്. റിമാന്റിലായ ഇയാളെ ചോദ്യം ചെയ്യുന്നതിനും നൂറുകണക്കിന് പവൻ സ്വർണാഭരണങ്ങളും പണവും കണ്ടെത്തുന്നതിനും പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രത്യേക അന്വേഷണസംഘത്തിൽ കുന്ദമംഗലം എസ്.ഐ രജീഷ്, എ.എസ്.ഐ ബാബു പുതുശ്ശേരി, സജിത്ത്, ഷാഫി, അഖിലേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. 

Latest News