Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പരമ്പര തൂത്തുവാരി

കൊളംബൊ - അഞ്ചാം മത്സരവും അനായാസം ജയിച്ച ഇന്ത്യ ശ്രീലങ്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയും തൂത്തുവാരി. ടെസ്റ്റ് പരമ്പരയും ഇന്ത്യ 3-0 ന് ജയിച്ചിരുന്നു. ഒരു ട്വന്റി20 മത്സരമേ ഇനി പരമ്പരയിൽ ബാക്കിയുള്ളൂ. വലിയ പ്രതീക്ഷ ഉയർത്തിയ ശേഷം രണ്ടു പന്ത് ശേഷിക്കെ 238 ന് ഓളൗട്ടായ ശ്രീലങ്കക്കെതിരെ മൂന്നോവർ ബാക്കിയിരിക്കെയാണ് ഇന്ത്യ ആറു വിക്കറ്റ് വിജയം പൂർത്തിയാക്കിയത്. കരിയറിലെ കന്നി അഞ്ചു വിക്കറ്റ് പ്രകടനത്തോടെ ഭുവനേശ്വർകുമാർ ശ്രീലങ്കൻ ബാറ്റിംഗ് നിര തകർത്തപ്പോൾ പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറിയോടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബാറ്റിംഗിന് ചുക്കാൻ പിടിച്ചു. കോഹ്‌ലിയുടെ മുപ്പതാം സെഞ്ചുറിയാണ് ഇത്. കോഹ്‌ലി (116 പന്തിൽ 110 നോട്ടൗട്ട്) മനീഷ് പാണ്ഡെയുമൊത്ത് (36) മൂന്നാം വിക്കറ്റിൽ 99 റൺസും കേദാർ ജാദവുമൊത്ത് (73 പന്തിൽ 63) നാലാം വിക്കറ്റിൽ 109 റൺസുമെടുത്തു. ശ്രീലങ്കക്കെതിരെ തുടർച്ചയായ രണ്ടാമത്തെ പരമ്പരയാണ് ഇന്ത്യ 5-0 ന് തൂത്തുവാരുന്നത്. വിദേശത്ത് രണ്ടാം തവണയാണ് ഇന്ത്യ 5-0 ന് ജയിക്കുന്നത്. 2013 ൽ സിംബാബ്‌വെയിലാണ് ഇന്ത്യയുടെ ആദ്യ വൈറ്റ് വാഷ്.
107 പന്തിലാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. ലിസ്റ്റ് എ മത്സരങ്ങളിൽ 10,000 റൺസ് തികക്കുന്ന നൂറാമത്തെ കളിക്കാരനായി കോഹ്‌ലി. ഈ വർഷം 18 മത്സരങ്ങളിൽ 1000 റൺസും തികച്ചു. ഈ 100 പേരിൽ മൈക്കിൾ ബേവന് മാത്രമാണ് കോഹ്‌ലിയെക്കാൾ മികച്ച ബാറ്റിംഗ് ശരാശരി. ഭുവനേശ്വറാണ് മാൻ ഓഫ് ദ മാച്ച്.  ജസ്പ്രീത് ബുംറയാണ് മാൻ ഓഫ് ദ സീരീസ്. പരമ്പരയിൽ മൂന്നാമത്തെ ഓപണിംഗ് ജോടിയെ ഇറക്കിയ ഇന്ത്യക്ക് തുടക്കം നന്നായില്ല. ആദ്യമായി കളിച്ച അജിൻക്യ രഹാനെക്ക് (5) അവസരം മുതലാക്കാനായില്ല. തുടക്കത്തിൽതന്നെ ലസിത് മലിംഗയുടെ എൽ.ബി അപ്പീലിൽനിന്ന് രക്ഷപ്പെട്ട രഹാനെ അതേ ബൗളറുടെ മൂന്നാമത്തെ ഓവറിൽ പുറത്തായി. ഷോട് ഫൈൻലെഗിൽ മാലിന്ദ പുഷ്പകുമാരയുടെ മനോഹരമായ ക്യാച്ചിൽ രോഹിത് ശർമയും (16) മടങ്ങി. രണ്ടിന് 29 ൽ ക്രീസിലെത്തിയ മനീഷ് പാണ്ഡെ ക്യാപ്റ്റനൊപ്പം 99 റൺസ് കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റി. പുഷ്പകുമാരയെ അനാവശ്യമായി സ്ലോഗ് സ്വീപ് ചെയ്താണ് മനീഷ് പുറത്തായത്. അവസാനം കളിച്ച രണ്ടു കളികളിൽ അകില ധനഞ്ജയക്കു മുന്നിൽ പൂജ്യത്തിനു പുറത്തായ കേദാർ ഇത്തവണ തുടക്കം മുതൽ ഫോമിലായിരുന്നു. കോഹ്‌ലിയും കേദാറും ഒരു സാഹസവും കാണിക്കാതെ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. ജയത്തിന് രണ്ടു റൺസരികെയാണ് കേദാർ പുറത്തായത്.
ഒരിക്കൽകൂടി വൻ സ്‌കോറിനെക്കുറിച്ച പ്രതീതി സൃഷ്ടിച്ച ശേഷമാണ് ശ്രീലങ്ക തകർന്നത്. മൂന്നിന് 185 ലെത്തിയ ശേഷം 53 റൺസിന് അവസാന ഏഴ് വിക്കറ്റുകൾ അവർക്ക് നഷ്ടപ്പെട്ടു. പരമ്പരയിലെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടോടെ ലാഹിരു തിരിമാനിയും (102 പന്തിൽ 67) ഏഞ്ചലൊ മാത്യൂസും (98 പന്തിൽ 55) നേടിയ 122 റൺസിന്റെ അടിത്തറ മുതലാക്കാൻ പിന്നീട് വന്നവർക്കായില്ല. 18 ഏകദിനങ്ങൾക്കിടെ ആദ്യമായി ഹാർദിക് പാണ്ഡ്യയെ പുറത്തിരുത്തിയ ഇന്ത്യ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളർമാരുമായാണ് ഇറങ്ങിയത്. പന്തെറിഞ്ഞ ആറു പേരിൽ ശാർദുൽ താക്കൂർ ഒഴികെ എല്ലാവരും മികവു കാട്ടി. വ്യാഴാഴ്ച ഇന്ത്യ 375 റൺസെടുത്ത പിച്ച് ഇത്തവണ ബാറ്റിംഗിന് അത്ര സുഖകരമായിരുന്നില്ല. 
ടോസ് നേടിയ ഉപുൽ തരംഗ ബാറ്റിംഗ് സ്വീകരിക്കുകയായിരുന്നു. കരിയറിലെ രണ്ടാം ഏകദിനം കളിക്കുന്ന ശാർദുലിനെ തരംഗ (34 പന്തിൽ 48) തെരഞ്ഞു പിടിച്ച് ആക്രമിച്ചു. മറുവശത്ത് നിരോഷൻ ഡിക്‌വെലയെയും (2) ദിൽഷൻ മുനവീരയെയും (4) പുറത്താക്കിയ ഭുവനേശ്വറാണ് അവരുടെ കുതിപ്പിന് തടയിട്ടത്. പത്താം ഓവറിൽ തരംഗയെ ജസ്പ്രീത് ബുംറ പുറത്താക്കിയതോടെ ഇന്ത്യക്കായി ആധിപത്യം. തരംഗ നല്ല വേഗത്തിൽ സ്‌കോർ ചെയ്തതിനാൽ സാവധാനം കൂട്ടുകെട്ട് പടുത്തുയർത്താൻ മാത്യൂസിനും തിരിമാനെക്കും സാധിച്ചു. 24 ഓവർ ബൗ ൾ ചെയ്ത മൂന്ന് സ്പിന്നർമാർ അഞ്ച് ബൗണ്ടറി മാത്രമാണ് വഴങ്ങിയത്. ഭുവനേശ്വർ രണ്ടാം സ്‌പെല്ലിനു വരുമ്പോഴേക്കും ഇരുവരും അർധ ശതകം തികച്ചിരുന്നു. തിരിമാനെയെ പുറത്താക്കി ഭുവനേശ്വർ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. രണ്ടാം സ്‌പെല്ലിൽ മാത്യൂസിനെ കുൽദീപ് യാദവും പുറത്താക്കി. വണീന്ദു ഹസരംഗയെ (9) മഹേന്ദ്ര ധോണി കൈവിട്ടെങ്കിലും ബാറ്റ്‌സ്മാന്മാർ തമ്മിലുള്ള ആശയക്കുഴപ്പം കാരണം ഇന്ത്യക്ക് വിക്കറ്റ് ലഭിച്ചു. മിലിന്ദ സിരിവർധനയും (18) മാലിന്ദ പുഷ്പകുമാരയും (8) സിക്‌സറുകളോടെ പ്രതീക്ഷയുയർത്തിയെങ്കിലും ബുംറയുടെയും ഭുവനേശ്വറിന്റെയും ഫുൾടോസുകളിൽ വീണു. മലിംഗയെ (2) പുറത്താക്കി അഞ്ചാം വിക്കറ്റെടുത്ത ഭുവനേശ്വർ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.  


 

Tags

Latest News