വ്യാഴാഴ്ച ഉച്ചക്ക് ഈ കോളം തയാറാക്കുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്താ ബുള്ളറ്റിൻ. തലവാചകങ്ങളിലൊന്ന് കോവിഡ് രോഗവിമുക്തരായ എട്ട് ബ്രിട്ടീഷ് പൗരന്മാർ കേരളത്തിലെ ആശുപത്രി വിട്ടുവെന്നതായിരുന്നു. അവരുടെ മാതൃരാജ്യമായ ബ്രിട്ടനിലെ സ്ഥിതി ദയനീയമാണ്.
ഇറാനും ചൈനയും പോലെയല്ല ബ്രിട്ടൻ. സത്യം പറയാനാണ് താൽപര്യം. ഏതാനും ദിവസങ്ങൾക്കപ്പുറം ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയുടേതായ ഒരു പ്രസ്താവന വന്നതോർക്കുന്നു. ഞങ്ങളുടെ നാട്ടിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യക്കാർ വിലപ്പെട്ട സംഭാവനയാണർപ്പിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള നഴ്‌സുമാരുടേത്. അതേ, ലോകം കേരളത്തെ ശ്രദ്ധിക്കുകയാണ്. മഹാമാരി ബാധിച്ച് മനുഷ്യർ പിടഞ്ഞു വീണ് മരിക്കുന്ന ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ജർമനി, അമേരിക്ക എന്നീ സമ്പന്ന രാജ്യങ്ങളെല്ലാം കാര്യങ്ങൾ മനസ്സിലാക്കുന്നു. ഇന്ത്യയിൽ ധാരാവിയും മറ്റും ആശങ്ക പരത്തുന്നുവെങ്കിലും കേരളത്തിലെ സ്ഥിതി ആശ്വാസം പകരുന്നു.
വുഹാനിൽ നിന്നുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ കേരളം ജാഗ്രത പുലർത്തി. കൊച്ചി എയർപോർട്ടിൽ വന്നിറങ്ങിയ ഇറ്റലിക്കാരും കാസർകോട്ടെ ദുബായ് ട്രിപ്പുകാരനും മറ്റും ആശങ്ക സൃഷ്ടിച്ചുവെങ്കിലും പൊതുവെ നിയന്ത്രണ വിധേയമാണ് കേരളത്തിലെ കാര്യങ്ങൾ. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്ക് ഏതാണ്ട് സമാനമാണ് കേരളത്തിലെ ജനസംഖ്യ. ഇറ്റലിയെ മോഡലാക്കാതെ കൊറിയൻ രീതി പിൻപറ്റിയതാണ് കേരളത്തിന് ഗുണകരമായത്.
മുമ്പ് ഗുജറാത്ത് കലാപ വേളയിൽ മെഗാ സ്റ്റാർ മമ്മൂട്ടി അവിടെ ഡി.വൈ.എഫ്.ഐ ഇല്ലാതെ പോയതാണ് കുഴപ്പങ്ങൾക്ക് കാരണമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സമാന പ്രസ്താവനയുമായി സംവിധായകൻ സിദ്ദീഖ് രംഗത്തെത്തിയിരുന്നു.
ചൈനയിലെ മന്ത്രിസഭയിൽ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ചൈനയിലെ വുഹാനിലാണ് കോവിഡ്19 ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ചൈന വേണ്ടത്ര പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നില്ല.
ചൈനയിൽ രോഗം റിപ്പോർട്ട് ചെയ്തത് മുതൽ കേരളത്തിൽ വേണ്ട മുൻകരുതലുകൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അക്കാരണത്താൽ തന്നെ ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിട്ടും മൂന്ന് പേരെയും ആദ്യഘട്ടത്തിൽ ചികിത്സിച്ച് ഭേദമാക്കാനും ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ആരോഗ്യ വകുപ്പിന് സാധിച്ചു.
ലോകത്താകെ വ്യാപിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിലെ ലോക്ഡൗൺ കഴിഞ്ഞ ദിവസം പൂർണമായും പിൻവലിച്ചു. രണ്ടര മാസത്തിന് ശേഷമാണ് വുഹാൻ നഗരം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കൊറോണ വ്യാപനം ശക്തമായപ്പോൾ രണ്ടു ദിവസത്തിനകം വുഹാൻ നഗരം അടച്ചു പൂട്ടിയാണ് ചൈന പ്രതിരോധ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. വൈറസ് രോഗചികിത്സകരായ പ്രമുഖ ഡോക്ടർമാരെയും മറ്റു ആരോഗ്യ രക്ഷാ പ്രവർത്തകരെയും വുഹാനിൽ എത്തിച്ചാണ് ചൈന ഡിസംബർ 31 മുതൽ കൊറോണക്കെതിരെ പോരാടിയത്.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞതോടെയാണ് പൊതുജീവിതം സാധാരണ നിലയിലാക്കാൻ ചൈന തീരുമാനമെടുത്തത്. ഹുബായ് പ്രവിശ്യയിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രവും തിരക്കേറിയ നഗരവുമാണ് വുഹാൻ. ഒരു കോടിയിലേറെ താമസക്കാരുള്ള വുഹാനിലെ ജനങ്ങൾക്ക് യാത്രാവിലക്കുകൾ ഒഴിവാക്കി.
വൈറസ് വ്യാപനത്തെ തുടർന്ന് ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനിൽ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിൽ നിന്നൊരു കാര്യം വ്യക്തമാണ്. സർക്കാർ നടപടികൾ കർശനമാക്കിയ ഇടങ്ങളിലെല്ലാം ഇതേ കാലയളവിലോ അതിലും ചുരുങ്ങിയ സമയം കൊണ്ടോ രോഗം പടരുന്നത് നിയന്ത്രിക്കാനാവും.
ലോകത്തിലെ എണ്ണം പറഞ്ഞ സാമ്പത്തിക ശക്തികളായ യൂറോപ്പിലെ രാജ്യങ്ങളെയും അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെയുമാണ് രോഗബാധ തളർത്തിയത്. പണമുണ്ടായിട്ട് കാര്യമില്ല, ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന തിരിച്ചറിവ് അവർക്ക് ലഭിച്ചു കാണും. കൂടുതൽ ആശുപത്രികൾ വേണമെന്ന് അവർ മനസ്സിലാക്കും. ലോകത്തെ സകല രാജ്യങ്ങളും ആരോഗ്യ മേഖലയിലെ പൊളിച്ചെഴുത്തിലേക്കാണ് ഇനി പോകാൻ പോകുന്നത്.
അതായത് കൊറോണക്കാലം കഴിഞ്ഞാൽ, ലോകത്ത് ഏറ്റവും ഡിമാന്റുള്ളവരായി മാറാൻ പോകുന്നത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരാണ്. ഡോക്ടർമാരും നഴ്‌സുമാരും അടക്കം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്കാണ് വരും കാലങ്ങളിൽ ഡിമാന്റ് കൂടുക.
ആരോഗ്യ മേഖലയിൽ കേരള മാതൃക പിന്തുടരണമെന്ന നിലപാടിനാണ് ഇപ്പോൾ പ്രാമുഖ്യമുള്ളത്. ഈ മാതൃക നടപ്പാക്കണമെന്ന ആവശ്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ശക്തമാണ്.
കൊറോണ ബാധിച്ച പ്രായമായവരെ മരണത്തിന് വിട്ടുകൊടുത്ത്, പുതിയ തലമുറയുടെ ജീവൻ രക്ഷിക്കുന്നതിനാണ് സമ്പന്ന രാജ്യങ്ങൾ പോലും മുൻഗണന നൽകിയിരിക്കുന്നത്.
പ്രായമായവരുടെ മുഖത്തെ ഓക്‌സിജൻ മാസ്‌ക്ക് എടുത്ത് മാറ്റി, പ്രായം കുറഞ്ഞ രോഗികൾക്കു വയ്‌ക്കേണ്ടി വന്ന അവസ്ഥ പല മലയാളി നഴ്‌സുമാരും സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ പങ്കുവച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളിലെ ആരോഗ്യ മേഖലയിലെ കെട്ടുറപ്പാണ് കോവിഡ് വ്യാപനത്തോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
മരണമുഖത്ത് നിന്നും നാട്ടിലേക്ക് മടങ്ങാൻ അവസരമുണ്ടായിരുന്നിട്ടും അതിന് തയാറാകാതെ ദുരന്ത മുഖത്ത് സജീവമായ നിരവധി മലയാളി നഴ്‌സുമാരാണ് വിദേശത്തുള്ളത്.
സ്വന്തം നാട്ടുകാർ കാണിക്കാത്ത കരുണ, മലയാളി നഴ്‌സുമാർ കാണിക്കുന്നത് കണ്ട് രോഗികളുടെ കണ്ണു നിറഞ്ഞു പോയ അനവധി സന്ദർഭങ്ങളാണ് ഈ കൊറോണക്കാലത്ത് ഉണ്ടായിരുന്നത്. ഇറ്റലിയിലും ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം ഇത് പ്രകടവുമായിരുന്നു.
ഇവിടെയാണ് കേരളം വ്യത്യസ്തമാകുന്നത്. പ്രായമായവരെ മരണത്തിനു കൊടുക്കുകയല്ല, അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് കേരളം ചെയ്തത്. നൂറിനടുത്ത് പ്രായമുള്ള ദമ്പതികൾ ആശുപത്രിയിൽ നിന്ന് രോഗവിമുക്തി നേടി വീട്ടിലേക്ക് തിരിച്ചത് ഈ സീസണിലെ ഏറ്റവും ഹൃദയ സ്പർശിയായ ചിത്രമാണ്. റാന്നിയിലെ 93 കാരനായ തോമസ് എബ്രഹാമും 88 കാരിയായ മറിയാമ്മ തോമസും മലയാളിയുടെ അഭിമാന സ്തംഭങ്ങളായി. കോവിഡിനോട് പൊരുതി ജയിച്ച ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ പ്രായമേറിയവരും ഇവർ തന്നെയായിരിക്കും.
26 ദിവസത്തെ ചികിത്സക്കു ശേഷമാണ് ഇരുവരും രോഗമുക്തരായി കോട്ടയം മെഡിക്കൽ കോളേജിനോട് വിട പറഞ്ഞിരിക്കുന്നത്. ഇറ്റലിയിൽ നിന്നും വൈറസ് വാഹകരായി എത്തിയ ഇവരുടെ മൂന്ന് കുടുംബാംഗങ്ങളെയും കേരളം തന്നെയാണ് ചികിത്സിച്ച് ഭേദമാക്കിയിരിക്കുന്നത്. റാന്നിയിലെ വൃദ്ധ ദമ്പതികളെ ചികിത്സിച്ചതോടെ, കോവിഡ് ബാധയേറ്റ നഴ്‌സും രോഗം ഭേദമായി ഇപ്പോൾ ആശുപത്രി വിട്ടിട്ടുണ്ട്. ഇവരടക്കം 14 പേരാണ് കൊലയാളി വൈറസിനെ തുരത്തിയിരിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട മരണങ്ങളെ ലോകാരോഗ്യ സംഘടന പോലും ഗൗരവമായി കാണുന്നില്ല. പ്രായമായ ഇവരിൽ മറ്റു ചില അസുഖങ്ങൾ ഉണ്ടായതാണ് മരണത്തിന് കാരണമായതെന്നാണ് പൊതു വിലയിരുത്തൽ. ബ്രിട്ടീഷ് പൗരന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ. പറന്നുയർന്ന വിമാനത്തെ തിരിച്ചിറക്കിച്ചാണ് ഈ കോവിഡ് ബാധിതനെ ചികിത്സിച്ച് ഭേദമാക്കിയിരുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക പരാജയപ്പെട്ടിടത്താണ് കോവിഡിനെ കേരളം പിടിച്ചുകെട്ടിയിരിക്കുന്നത്. ഈ മാതൃക വൈകിയെങ്കിലും പിന്തുടർന്നതിനാലാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഒരു പരിധി വരെ വൈറസിനെ തടഞ്ഞു നിർത്താൻ കഴിഞ്ഞിരിക്കുന്നത്. വലിയ തൊഴിലവസരങ്ങളാണ് ഇതു വഴി സൃഷ്ടിക്കപ്പെടുക. മികച്ച ആരോഗ്യ പ്രവർത്തകർക്കായി ലോകരാജ്യങ്ങളുടെ വാതിലുകളാണ് തുറക്കപ്പെടുവാൻ പോകുന്നത്. മലയാളികൾക്ക് ഏറെ പരിഗണന ലഭിക്കുമെന്നതിൽ സംശയമില്ല.