ഡോ. ആന്റണി ഫൗച്ചിയെക്കുറിച്ച് വായിക്കുമ്പോൾ ആൽബേർ കമ്യുവിന്റെ 'ദ പ്ലേഗ്' എന്ന വിഖ്യാത നോവലിലെ മുഖ്യ കഥാപാത്രമായ ഡോ. ബെർണാർഡ് റീക്‌സിനെ ഓർമ വരും. അൽജീരിയയിലെ ഒറാൻ പട്ടണത്തിൽ 1940 കളിൽ പടർന്നുപിടിച്ച പ്ലേഗ് എന്ന മഹാമാരിയെക്കുറിച്ച് ഭരണാധികാരികൾക്ക് മുന്നറിയിപ്പ് നൽകുന്നു ഡോ. റീക്‌സ്. എല്ലാ കാലത്തെയും ഭരണാധികാരികളെപ്പോലെ ഒറാനിലെ നഗരസഭാധികൃതരും ഡോ. റീക്‌സിന്റെ മുന്നറിയിപ്പ് തള്ളിക്കളയുകയായിരുന്നു. നഗരത്തിൽ എലികൾ ചത്തുമലക്കുകയും ചിലർ സംശയകരമായ സാഹചര്യത്തിൽ മരണമടയുകയും ചെയ്തതോടെ പ്ലേഗിന്റെ അപകടകരമായ സന്ദർശനത്തെക്കുറിച്ച് വ്യാകുലപ്പെട്ടാണ് ഡോ. റീക്‌സ് അധികാരികളോട് ആശങ്ക അറിയിക്കുന്നത്. എന്നാൽ അത് മനസ്സിലാക്കാനും മുഖവിലക്കെടുക്കാനും അവർക്ക് ശവക്കൂമ്പാരങ്ങൾ കാണേണ്ടിവന്നു.
നാലു ലക്ഷത്തിലധികം രോഗബാധിതരും പതിനായിരം കവിഞ്ഞ മരണങ്ങളും കണ്ട് അന്ധാളിച്ചു നിൽക്കുന്ന കോവിഡ് കാലത്തെ അമേരിക്ക, ഡോ. ഫൗച്ചിയോട് മാപ്പു പറയണം. രാജ്യത്തെ പ്രമുഖ വൈദ്യഗവേഷണ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്്യസ് ഡിസീസസിന്റെ ഡയറക്ടറാണ് അദ്ദേഹം. കൊറോണയുടെ വരവിനെക്കുറിച്ച് അദ്ദേഹം കൃത്യമായ മുന്നറിയിപ്പ് നൽകി. എന്നാൽ മാരകമായ വൈറസ് പകർച്ചയെക്കുറിച്ച് അമേരിക്കയെ ഭീതിപ്പെടുത്തി, സമ്പദ്ഘടന തകർക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് രാജ്യത്തെ ബിസിനസ് ലോബിയുടെ കുറ്റപ്പെടുത്തലുകൾക്ക് ശരവ്യനാവുകയാണ് ഫൗച്ചി ഇന്ന്. എന്നാൽ ഫൗച്ചിയല്ല, മുന്നിൽ കാണുന്ന ശവക്കൂമ്പാരമാണ് അവർക്കിപ്പോൾ മറുപടി നൽകുന്നത്.
ഫെബ്രുവരി 24 ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സി.ഡി.സി) കോവിഡ്19 വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതാണ്. രാജ്യത്ത് വ്യാപകമായി രോഗം പരക്കാനിടയുണ്ടെന്നും മുൻകരുതൽ വേണമെന്നും അവർ പറഞ്ഞു. എന്നാൽ ഈ ഉപദേശത്തെ വിചിത്രമായാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടത്. താൻ പ്രസിഡന്റായിരിക്കുമ്പോൾ ഒരു വൈറസും അമേരിക്കയിലേക്ക് കടക്കില്ലെന്ന ഭാവത്തോടെയായിരുന്നു ട്വിറ്ററിലെ മറുപടി. അമേരിക്കയിൽ കൊറോണ വൈറസ് അങ്ങേയറ്റം നിയന്ത്രണത്തിലാണ്. പ്രസക്തരായ എല്ലാവരുമായും എല്ലാ രാജ്യങ്ങളുമായും നാം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. സി.ഡി.സിയും ലോകാരോഗ്യ സംഘടനയും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്‌റ്റോക് മാർക്കറ്റും നല്ല മുന്നേറ്റത്തിലാണ് -അദ്ദേഹം എഴുതി.
ഇന്ന് ട്രംപ് ചൈനയേയും ലോകാരോഗ്യ സംഘടനയെയും കുറ്റപ്പെടുത്തുന്നു. അതീവ ഗുരുതരമായ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതിൽ അങ്ങേയറ്റം അസ്വസ്ഥനാണ് അദ്ദേഹം. ഈ വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമോ എന്ന ഭയവും അദ്ദേഹത്തെ പിടികൂടിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന ചൈനക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അവർക്കുള്ള ധനസഹായം നിർത്തലാക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. കൊറോണക്കെതിരെ ഉപയോഗിക്കാനാവുമെന്ന് കരുതുന്ന മലേറിയ പ്രതിരോധ വാക്‌സിൻ കയറ്റി അയച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നു.
കമ്യുണിക്കേഷൻ ക്രാക്ക്ഡൗൺ എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ കൊറോണ പോരാട്ട പരാജയത്തെ പ്രശസ്തമായ രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നത്. രോഗത്തെക്കുറിച്ച വിവരങ്ങൾ മറച്ചുവെക്കാനും നിസ്സാരവൽക്കരിക്കാനുമുള്ള ശ്രമമാണ് ട്രംപും കൂട്ടരും നടത്തിയത്. അമേരിക്കയുടെ പരമ്പരാഗത ശൈലി തന്നെയാണതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് വലിയ രീതിയിലുള്ള പരിഭ്രാന്തി ഒഴിവാക്കാനാവും എന്ന നൂറ്റാണ്ട് പഴക്കമുള്ള ധാരണയുടെ പ്രതിഫലനമായിരുന്നു ഈ തീരുമാനം.
ശാസ്ത്രത്തിലും സുതാര്യതയിലുമുള്ള അമേരിക്കയുടെ ശുഭാപ്തിക്ക് പുരോഗതിയുടെ യുഗത്തോളം പഴക്കമുണ്ട്. അതായത് 1890 മുതൽ ഒന്നാം ലോക യുദ്ധം വരെയുള്ള കാലത്തോളം. പൊതുജനാരോഗ്യം, വൈദ്യ പരിചരണം, രോഗനിയന്ത്രണത്തെക്കുറിച്ച പ്രതീക്ഷകൾ എന്നിവക്കെല്ലാം മേൽ രാജ്യം സ്വാധീനം നേടിയ കാലമായിരുന്നു അത്. അക്കാലത്തെ ഏറ്റവും പ്രമുഖനായ പകർച്ചവ്യാധി വിദഗ്ധൻ ഡോ. വില്യം സെഗ് വിക് അതിനെ ഇങ്ങനെ സംഗ്രഹിക്കുന്നു: 1880 നു മുമ്പ് ഞങ്ങൾക്ക് ഒന്നുമറിയില്ലായിരുന്നു, 1890 ന് ശേഷം ഞങ്ങൾക്ക് എല്ലാമറിയാം. മഹത്വത്തിന്റെ ദശാബ്ദമാണത്.
പകർച്ചവ്യാധികൾ സൃഷ്ടിക്കുന്ന പരിഭ്രാന്തിയെ തടയാനുള്ള ഏറ്റവും മികച്ച മാർഗമായി സാമൂഹിക ശാസ്ത്രജ്ഞർ കാണുന്നത് തുറന്ന സമീപനത്തെയാണ്. വസ്തുതകളുടെ കരുത്തിൽ ഒരു പുതിയ ആശയവിനിമയ രീതി ഇതിനായി റോബർട്ട് ഇ. പാർക്കിനെപ്പോലെയുള്ള സാമൂഹിക ശാസ്ത്രജ്ഞർ രൂപപ്പെടുത്തി. ഇത്തരം വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്നത്, പരിഭ്രാന്തമായ സമൂഹത്തെ പക്വവും വിശ്വസിക്കാവുന്നതുമായ ഒരു സമൂഹമാക്കി പരിവർത്തിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1907 ൽ സാൻഫ്രാൻസിസ്‌കോയിൽ പ്ലേഗ് മരണം വിതച്ചപ്പോൾ അന്നത്തെ ജനകീയ മാധ്യമങ്ങൾ സത്യസന്ധവും സമ്പൂർണവുമായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് ജനങ്ങളുടെ പരിഭ്രാന്തിക്ക് വിരാമമിട്ടു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാർത്താ സമ്മേളനങ്ങൾക്ക് ഇത്രത്തോളം സ്വീകാര്യത എന്തുകൊണ്ട് ലഭിക്കുന്നു എന്നതിന് ഈ സാമൂഹികശാസ്ത്ര പാഠത്തിൽ മറുപടിയുണ്ട്.
ഒന്നാം ലോക മഹായുദ്ധമാണ് അമേരിക്കയുടെ ഈ സുതാര്യതാ സിദ്ധാന്തത്തിന് അവസാനം കുറിച്ചതെന്ന് പഠനങ്ങൾ പറയുന്നു. ഭയത്തിൽനിന്ന് മോചനം നേടാൻ വിവരങ്ങൾ മറച്ചുവെക്കുക എന്ന രീതി അവലംബിക്കപ്പെട്ടു. ശാസ്ത്രത്തിലും വൈദ്യവിജ്ഞാനത്തിലും ജനകീയ വിശ്വാസം വർധിച്ചുവരുമ്പോൾ തന്നെ, ആരോഗ്യ പ്രവർത്തകർ വിവരങ്ങൾ മറച്ചുപിടിക്കാൻ തുടങ്ങി. അതിനവർ പറഞ്ഞ കാരണം, ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താതിരിക്കുക എന്നതാണ്.
എന്നാൽ മറച്ചുവെക്കുന്നതിലല്ല, വിവരങ്ങളെ പക്വമായ രീതിയിൽ പുറത്തു വിടുന്നതാണ് പരിഭ്രാന്തി ഇല്ലാതാവാൻ മികച്ച മാർഗമെന്ന് ഇപ്പോൾ അമേരിക്ക ചിന്തിക്കുന്നുണ്ടാവും. ഒരു മഹാമാരി പടരുമ്പോൾ, അനിശ്ചിതത്വവും ആശങ്കയും സ്വാഭാവികമാണ്. കൃത്യമായ തീരുമാനമെടുക്കാനുള്ള കഴിവ്, പക്വതയോടുള്ള ആശയവിനിമയം എന്നിവയാണ് അവയെ നേരിടാനുള്ള ഫലപ്രദമായ മാർഗങ്ങളെന്നത് ട്രംപ് ഭരണകൂടം മറന്നുപോയെന്നതാണ് വാസ്തവം. ശരിയായ വിവരങ്ങൾ ശരിയായ സമയത്ത് തരാത്തതിന് അവരിപ്പോൾ ചൈനയെ കുറ്റം പറയുകയാണ്.
മഹാമാരികൾ ആരോഗ്യ പ്രവർത്തകരെ പലപ്പോഴും ഇത്തരം ആശയക്കുഴപ്പത്തിൽ പെടുത്താറുണ്ട്. ഇത്തരം കാര്യങ്ങളിൽ വളരെ വേഗം പ്രവർത്തിക്കുന്നത് ചിലപ്പോൾ വിപരീത ഫലമുണ്ടാക്കാമെന്ന് വാദിക്കുന്നവരുണ്ട്. പ്രത്യേകിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെയും മറ്റും വിലക്കുമ്പോൾ അത് സ്വാഭാവികമായും രോഷത്തിനും പ്രതിഷേധത്തിനും വഴിവെക്കും. സാമൂഹികമായ ശാന്തി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ വിവരങ്ങൾ മറച്ചുവെക്കുക കൂടി ചെയ്യുമ്പോൾ ഇത് രൂക്ഷമാകുകയാണ് ചെയ്യുക.
വേഗത്തിൽ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് കോവിഡിന്റെ കാലത്ത് യൂറോപ്പിനും അമേരിക്കക്കും സംഭവിച്ചത്. ചരിത്രപരമായി ഇത്തരം രോഗഭീഷണികൾ പൊതു ആരോഗ്യ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നതായി കാണാം. അമേരിക്കയുടെ തന്നെ ചരിത്രം പരിശോധിച്ചാൽ കോളറ പടർന്നതിന്റെ പ്രതിഫലനമായാണ് 1866 ൽ ന്യൂയോർക്ക് സംസ്ഥാനത്ത് മെട്രോപോളിറ്റൻ ബോർഡ് ഓഫ് ഹെൽത്ത് രൂപംകൊള്ളുന്നത്. അമേരിക്കയുടെ ആരോഗ്യ വകുപ്പിന്റെ ശിലാസ്ഥാപനമായിരുന്നു അത്. 1918 ലും 1919 ലും ഇൻഫഌവെൻസ പടർന്നപ്പോൾ പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ ആവശ്യകതയെക്കുറിച്ച കൂടുതൽ ശക്തമായ ബോധ്യം വന്നു. അമേരിക്കയിൽ സിഡിസി അടക്കമുള്ള സ്ഥാപനങ്ങൾ രൂപം കൊള്ളുന്നത് അങ്ങനെയാണ്. വുഹാനിലെ സംശയാസ്പദമായ വൈദ്യ ഗവേഷണങ്ങൾ പോലെ സി.ഡി.സിയും ഒരിക്കൽ രൂക്ഷമായ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. അമേരിക്കയുടെ ജൈവയുദ്ധ ഗവേഷണത്തിനുള്ള സ്ഥാപനമായാണ് കൊറിയൻ യുദ്ധവേളയിൽ സി.ഡി.എസ് വിശേഷിപ്പിക്കപ്പെട്ടത്. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥാപനത്തിന് പ്രേരണയായതും ഇത്തരം മഹാമാരികളുടെ കടന്നുവരവാണെന്ന് ഈയിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പകർച്ചവ്യാധികളെ അതിദ്രുതം നേരിടാനുള്ള കർമ പദ്ധതികൾ ആവിഷ്‌കരിക്കാനും ജനങ്ങളെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയന്ത്രിക്കാനും ഇന്ത്യക്കും സമാനമായ സ്ഥാപനങ്ങൾ ആവശ്യമാണെന്ന് കോവിഡ് കാലം നമ്മെ ഓർമപ്പെടുത്തുന്നു. കൊറോണ പടർന്നുപിടിച്ചപ്പോൾ, ട്രംപ് കാട്ടിയ വിവേകരാഹിത്യം നമുക്കുണ്ടായില്ല എന്നത് ആശ്വാസകരമാണ്. അക്കാര്യത്തിൽ രാജ്യത്തിന് വഴികാട്ടാൻ കേരളത്തിന് കഴിഞ്ഞുവെന്നതും അഭിമാനകരം. അതിനുമപ്പുറത്ത്, ഈ മഹാമാരി നമ്മുടെ പൊതുജനാരോഗ്യ, പകർച്ച വ്യാധിവിരുദ്ധ സംവിധാനങ്ങളെ മാറ്റിപ്പണിയാൻ പ്രേരിപ്പിക്കണം. ഒരുപാട് പുതിയ പാഠങ്ങൾ പകർന്നു തന്നാണ് കോവിഡ് കാലം കടന്നുപോകുന്നത്. നമുക്ക് മാത്രമല്ല, വികസിതമെന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യങ്ങൾക്കും. ഇനി ആരെയും കാത്തുനിൽക്കേണ്ടതില്ലെന്നും നമുക്ക് ഒറ്റക്ക് വഴികാണിച്ച് മുൻപിൽ നടക്കാമെന്നുമുള്ള ആത്മവിശ്വാസമാണ് ഇത് നൽകുന്നത്. മുന്നിൽനിന്ന് നയിക്കാൻ ആളുണ്ടാകണമെന്നു മാത്രം.