Sorry, you need to enable JavaScript to visit this website.

അശുഭ ദിനങ്ങളെ നേരിടാനൊരുങ്ങുക

ആഗോള സമ്പദ്‌വ്യവസ്ഥയെ തകർത്ത, 83,000 ത്തിലേറെ ജനങ്ങളുടെ ജീവനെടുത്ത,  ലോകത്തെ സ്തംഭനാവസ്ഥയിലാക്കി ആശങ്കയും ഭിതിയും വിതറി പ്രയാണം തുടരുന്ന കോവിഡ് വരും ദിനങ്ങളിൽ സമ്മാനിക്കാനിരിക്കുക ദാരിദ്ര്യവും കഷ്ടപ്പാടുകളുമായിരിക്കും. ഇതിന്റെ പ്രത്യാഘാതം വലിയൊരളവിൽ ബധിക്കുന്നത് വിദേശത്ത് ജോലി തേടി പോയവരെയായിരിക്കും. അതുകൊണ്ടു തന്നെ പ്രവാസികൾക്കും അവരുടെ നാട്ടിലുള്ള കുടുംബങ്ങൾക്കും വരും ദിനങ്ങൾ കയ്‌പേറിയതാവും. ഇതു മുൻകൂട്ടി കണ്ടുകൊണ്ടുള്ള മാനസികമായുള്ള തയാറെടുപ്പുകൾ ഇപ്പോഴേ നടത്തേണ്ടത് അനിവാര്യമാണ്. പലരുടെയും സ്വപ്‌നങ്ങൾ ചിറകറ്റു വീഴാൻ പോവുകയാണ്. കണക്കുകൂട്ടലുകൾ തകിടം മറിയാൻ കാലതാമസമില്ല. കഴിഞ്ഞുപോയ നല്ല ദിനങ്ങളെ അനുസ്മരിച്ച് നെടുവീർപ്പിടേണ്ട സാഹചര്യമാണ് സംജാതമാവാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തെ മുൻകൂട്ടി കണ്ടുകൊണ്ട് ഇപ്പോഴേ ഒരുങ്ങിയാൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. സാഹചര്യങ്ങൾക്കനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്താനുള്ള തയാറെടുപ്പുണ്ടായില്ലെങ്കിൽ അതു കുടുംബ ബന്ധങ്ങളെ ഉലയ്ക്കാനും മാനസിക സംഘർഷങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാനും ഇടയാക്കിയേക്കാം. 


കോവിഡ് കാലത്തിന് ആശ്വാസമുണ്ടായാൽ തൊഴിൽ രംഗത്ത് ഉണ്ടാവാൻ പോകുന്നത് സമൂല പരിവർത്തനമായിരിക്കും. ഇതിന്റെ ഫലമായി തൊഴിലില്ലായ്മയും ചെലവു ചുരുക്കലും ഓഫീസ് സങ്കൽപത്തിൽ തന്നെ വൻ മാറ്റുവുമാവും ഉണ്ടാവുക. ഇപ്പോഴേ തന്നെ തൊഴിൽ നഷ്ടപ്പെടാൻ പോകുന്നതിന്റെ സൂചനകൾ വന്നു കഴിഞ്ഞു. ശമ്പളം വെട്ടിക്കുറക്കുന്നതും ആരംഭിച്ചു കഴിഞ്ഞു. ജോലി ഉണ്ടെങ്കിലും ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടാനും തുടങ്ങി. ദീർഘകാല അവധിക്ക് തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ തൊഴിൽ രംഗം മാറിമറിയാൻ പോവുകയാണ്. ഇതിൽ കൂടുതലായി അകപ്പെടുന്നതും ഉഴലുന്നതും പ്രവാസികളായിരിക്കും. ജീവനക്കാരുടെ വേതനം കുറക്കാനും ദീർഘകാല അവധി നൽകാനും ആവശ്യമെങ്കിൽ ആനുകൂല്യങ്ങൾ നൽകി പിരിച്ചുവിടാനും ഗൾഫിലെ ഒട്ടുമിക്ക രാജ്യങ്ങളും തീരുമാനിച്ചു കഴിഞ്ഞു. അതിനനുസൃതമായി നിയമവും ഭേദഗതി ചെയ്തു കഴിഞ്ഞു. ജീവനക്കാരുടെ വേതനം കുറക്കാനും അവധി നൽകാനും സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ അനുവദിക്കുന്ന പുതിയ നിയമം സൗദി മാനേവശേഷി, സാമൂഹിക വികസന മന്ത്രാലയവും പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ നിയമത്തിലെ 116 ാം വകുപ്പ് പ്രകാരം തൊഴിലാളിക്ക് അസാധാരണ അവധി നൽകാനും സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതമെന്നോണം പലർക്കും നോട്ടീസ് ലഭിക്കാൻ തുടങ്ങി. സൗദി അറേബ്യയിൽ മാത്രം ഏതാണ്ട് 28 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇതിൽ എത്ര ശതമാനത്തിന് ജോലി നഷ്ടപ്പെടുമെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും വലിയ തോതിലുള്ള തൊഴിൽ നഷ്ടം ഉണ്ടാകുമെന്നുറപ്പാണ്. കോവിഡ് പ്രത്യാഘാതം ലോകത്താകമാനം വ്യാപിച്ചു കിടക്കുന്നതിനാൽ മറ്റു രാജ്യങ്ങളിലും ഇതേ സ്ഥിതി തന്നെയാവും സംഭവിക്കാൻ പോകുന്നത്. ഇതിന്റെ ഫലമായി ലക്ഷക്കണക്കിനു ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽനിന്നും മടങ്ങാം. ഇങ്ങനെയുള്ളവരുടെ മടക്കം സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതം, പ്രത്യേകിച്ച് കേരളത്തിൽ വളരെ വലുതായിരിക്കും. 


കൊറോണ വൈറസ് വ്യാപനം 50 കോടി  ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാമെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയ നെയ്‌റോബി ആസ്ഥാനമായുള്ള ഓക്‌സ്ഫാമിന്റെ വെളിപ്പെടുത്തൽ. അടുത്തയാഴ്ച നടക്കുന്ന അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക് വാർഷിക യോഗത്തിന് മുന്നോടിയായി സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ ആഴത്തിലുള്ളതായിരിക്കും വരാൻ പോകുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. വരുമാനത്തിൽ 20 ശതമാനം കുറവു വരുന്നതോടെ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം 434 ദശലക്ഷം വർധിച്ച്  922 ദശലക്ഷമായി ഉയരും. ഇതേ സാഹചര്യത്തിൽ പ്രതിദിനം 5.50 ഡോളറിൽ താഴെ വരുമാനമുള്ളവരുടെ എണ്ണം 400 കോടിയാകുമെന്നും തൊഴിൽ അവകാശങ്ങൾ കുറവായ രാജ്യങ്ങളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കഷ്ടത്തിലാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. കിഴക്കൻ ഏഷ്യയിലെയും പസഫിക് മേഖലയിലെയും മാത്രം ദരിദ്രരുടെ എണ്ണത്തിൽ 11 ദശലക്ഷത്തിന്റെ വർധനയുണ്ടാകുമെന്ന് ലോക ബാങ്കും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. 


ഇത്തരം പഠനങ്ങളും അനുഭവങ്ങളും നൽകുന്നത് ശുഭസൂചനയല്ല. വരാനിരിക്കുന്ന ദിനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ഇതിന്റെ പ്രത്യാഘാതത്തിന്റെ അലയൊലികൾ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടാകുമെന്നുറപ്പാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധിയിലും പിന്നീട് നിതാഖാത് കാലത്തും ഉണ്ടായതിനേക്കാളും ഭീകരമായിരിക്കുമത്. തൊഴിലില്ലായ്മയും രോഗക്കെടുതിയും രോഗവ്യാപന ഭീഷണിയും മൂലം പൊറുതിമുട്ടിക്കഴിയുന്ന പതിനായിരങ്ങൾ ഗൾഫ് രാജ്യങ്ങളിലെന്നല്ല, മറ്റു രാജ്യങ്ങളിലും ഉണ്ട്. ലോക്ഡൗണിനെത്തുടർന്ന് വിമാന സർവീസ് ഇല്ലാത്തതിനാലാണ് പ്രവാസത്തോട് വിട പറയുന്നവരുടെ പ്രവാഹം കാണാത്തത്. വിമാന സർവീസ് ആരംഭിച്ചാൽ ഒരു കുത്തൊഴുക്കായിരിക്കും ഉണ്ടാവുക. ഇതു മുൻകൂട്ടി കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ രോഗ വ്യാപനത്തോടൊപ്പം തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം സ്ഥിതിഗതികൾ വളരെ ഗുരുതരമാവും. 


തൊഴിൽ നഷ്ടപ്പെട്ടു വരുന്നവരെ സ്വീകരിക്കാനും വരുമാനം കുറയുന്നതോടെ ഉണ്ടാകാവുന്ന പ്രയാസങ്ങൾ മുൻകൂട്ടി കാണാനും അതിനനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്താനും ഇപ്പോഴേ ഒരുക്കങ്ങൾ കുടുംബങ്ങളും നത്തേണ്ടതുണ്ട്. ഇതിനേക്കാളേറെ പ്രയാസകരമായ കാലം പിന്നിട്ടിട്ടുണ്ടെന്നും അതിനാൽ ഇതിനെയും അതിജീവിച്ച് മുന്നോട്ടു പോകാനാവുമെന്ന പ്രതീക്ഷയായിരിക്കണം എല്ലാവരെയും നയിക്കേണ്ടത്.  
 

Latest News