ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേരളസര്‍ക്കാര്‍; കണ്ണട,എയര്‍കണ്ടീഷണര്‍ കടകള്‍ തുറക്കാം

തിരുവനന്തപുരം- സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം മൊബൈല്‍ റീചാര്‍ജ് കടകള്‍ക്കും വര്‍ക്ക്‌ഷോപ്പിനും ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ കടകള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാനാണ് തീരുമാനമെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കി. എയര്‍കണ്ടീഷണന്‍,ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഞായറാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ തുറക്കാന്‍ അനുവാദം നല്‍കി. കടകളില്‍ പരമാവധി മൂന്ന് ജീവനക്കാര്‍ മാത്രമേ പാടുള്ളൂവെന്നാണ് നിര്‍ദേശം.

കണ്ണട കടകള്‍ക്ക് തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് മണിവരെ തുറക്കാം. ഈ കടകളില്‍ രണ്ട് ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. കളിമണ്‍ തൊഴിലാളികള്‍ക്ക്‌ ഒരു വര്‍ഷത്തേക്കുള്ള മണ്ണ് സംഭരിക്കാനുള്ള സീസണായതിനാല്‍ ഏറ്റവും കുറച്ച് തൊഴിലാളികളെ മാത്രം ഉപയോഗിച്ച് സംഭരിക്കാവുന്നതാണ്. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നതിനും ബീഡികള്‍ പൊതു കേന്ദ്രങ്ങളിലെത്തിക്കുന്നതിനും തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. അതേസമയം പ്രവര്‍ത്തനാനുമതി ലഭിച്ച കടകളിലെ ജീവനക്കാര്‍ ബ്രേക്ക് ദ ചെയിന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

Latest News