ലോകത്ത് കോവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു; മരണം 92,108

ന്യൂയോര്‍ക്ക്- ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1.5 ദശലക്ഷം കടന്നു. വിവിധ രാജ്യങ്ങളില്‍നിന്ന് എ‌എഫ്പി ക്രോഡീകരിച്ച കണക്കുകള്‍ പ്രകാരം ഇതുവരെ 1,568,974 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 92,108 മരണപ്പെടുകയും ചെയ്തു. കോവിഡ് രൂക്ഷമായി ബാധിച്ച അമേരിക്കയില്‍മാത്രം ഇന്ന് 2000 ത്തോളം മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇറ്റലി കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 16,074 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 454,615 കോവിഡ് 19 രോഗികളാണ് അമേരിക്കയിലുള്ളത്. ഇതില്‍ ഏറ്റവും രൂക്ഷമായി രോഗം ബാധിച്ചിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. 779 പേര്‍ക്കാണ് ഇന്ന് മാത്രം ന്യൂയോര്‍ക്കില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ചൈനയിലെ വുഹാനിൽ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പൊട്ടിപ്പുറപ്പെട്ട ഈ രോഗം ഫെബ്രുവരിയോടെ ലോകമെമ്പാടും അതിവേഗം പടരാൻ തുടങ്ങി. കടുത്ത പോരാട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഒടുവില്‍ ചൈന സാധാരണ ഗതിയിലെത്തിയെങ്കിലും യൂറോപ്പ്, ഏഷ്യന്‍, അമേരിക്കന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ ഈ മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. അമേരിക്ക(രോഗികള്‍ 454,615 മരണം 16,074), സ്‌പെയിന്‍(രോഗികള്‍152,446, മരണം 15,238), ഇറ്റലി(രോഗികള്‍ 143,626 മരണം 18,279), ജർമ്മനി(രോഗികള്‍ 114,257 മരണം 2,349), ഫ്രാൻസ്(രോഗികള്‍ ‍112,950 മരണം 10,869), ചൈന(രോഗികള്‍ ‍81,865 മരണം 3,335), ഇറാന്‍(രോഗികള്‍ 66,220 മരണം 4,110), ബിട്ടന്‍(രോഗികള്‍ ‍60,733 മരണം 7,097), തുര്‍ക്കി(രോഗികള്‍ ‍42,282 മരണം 908), ബെല്‍ജിയം(രോഗികള്‍ ‍24,983 മരണം 2,523) എന്നിങ്ങനെയാണ് രോഗബാധയും മരണനിരക്കും ഏറ്റവും കുടുതലുള്ള രാജ്യങ്ങള്‍. 

Latest News