കോഴിക്കോട് - കോഴിക്കോട് ജില്ല കോവിഡ് ഹോട്സ്പോട്ട് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ കാലാവധി ഏപ്രിൽ 14ന് കഴിഞ്ഞാലും ജില്ലയിൽ നിയന്ത്രണങ്ങൾ തുടരേണ്ടിവരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ചില വിഭാഗങ്ങൾക്ക് നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് വരുത്തിയിട്ടുണ്ട്. ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾക്ക് അടുത്ത മന്ത്രിസഭാ യോഗത്തിൽ വ്യക്തയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി.
മാഹി, വയനാട് അടക്കമുള്ള ജില്ലാ അതിർത്തികളിൽ നിന്ന് പ്രധാന റോഡുകളിലൂടെയല്ലാതെ കർണാടകയിൽ നിന്നടക്കം ആളുകൾ കാൽനടയായി ജില്ലയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവിടങ്ങളിൽ പോലിസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടി നിൽക്കുന്നതും ഒരിക്കലും അനുവദിക്കാൻ കഴിയില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലിസിന് മന്ത്രി നിർദേശം നൽകി.
പൂഴ്ത്തിവയ്പ്, അമിത വില ഈടാക്കൽ എന്നിവ തടയുന്നതിന് വ്യാപാര സ്ഥാപനങ്ങളിൽ സ്‌ക്വാഡുകളുടെ പരിശോധന ദിവസവും നടക്കുന്നുണ്ട്. കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും പരിശോധന കർശനമാക്കും ചെയ്യും. വ്യാജവാറ്റ് നിർമാണത്തിനെതിരെ എക്സൈസും പോലിസും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇത് ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിൽ കൂടുതൽ വെന്റിലേറ്ററിന് ആവശ്യം വരുകയാണെങ്കിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തിയതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒളവണ്ണ ഗ്രാമപഞ്ചായത്ത് നൽകിയ 50 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് മന്ത്രി സ്വീകരിച്ചു.






