കൽപറ്റ -കർണാടകയിൽനിന്നു ബാവലിയിലൂടെ കേരളത്തിലേക്കു തടസ്സമില്ലാതെ ചരക്കുനീക്കം. ബാവലിയിൽ കർണാടക, കേരള പരിധിയിലെ ചെക്‌പോസ്റ്റുകളിൽ വിവിധ വകുപ്പുദ്യോഗസ്ഥരുടെ സംയുക്ത പരിശോധന കർശനമാണെങ്കിലും അനാവശ്യ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നില്ലെന്നു അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളിലെ ജീവനക്കാർ പറയുന്നു. മൈസൂരുവിനെ എച്ച്.ഡി കോട്ട വഴി മാനന്തവാടിയുമായി ബന്ധിപ്പിക്കുന്നതാണ് ബാവലിയിലൂടെയുള്ള പാത.
നിരവധി അതിർത്തി റോഡുകൾ അടച്ച കർണാടക കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിനു തുറന്നുകൊടുത്ത വഴികളിൽ ഒന്നാണിത്. പ്രതിദിനം 450-500 ചരക്കു വാഹനങ്ങളാണ് ബാവലിയിലൂടെ കടന്നുപോകുന്നത്.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ബാവലിയിൽ കർണാടക ചെക്‌പോസ്റ്റിലൂടെ ചരക്കു വാഹനങ്ങൾ കടത്തിവിടുന്നത്. ചരക്കുനീക്കം സുഗമമാക്കുന്നതിനു ഇരു സംസ്ഥാനാതിർത്തികളിലെയും ചെക്‌പോസ്റ്റുകളിലുള്ള ഉദ്യോഗസ്ഥർ പരമാവധി ശ്രമിക്കുന്നുണ്ട്.
കണ്ണൂർ, കാസർകോട്, കോഴിക്കാട്, വയനാട് ജില്ലകളിൽനിന്നുളള വാഹനങ്ങളാണ് ചരക്കെടുക്കുന്നതിനു പ്രധാനമായും ബാവലി വഴി പോകുന്നതും വരുന്നതും. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്നും അടിയന്തരാവശ്യങ്ങൾക്കെത്തുന്ന വാഹനങ്ങളും ചെക്‌പോസ്റ്റുകളിലൂടെ കടത്തിവിടുന്നുണ്ട്.
കേരള അതിർത്തിയിലെ ചെക്‌പോസ്റ്റിൽ റവന്യൂ, പോലീസ്, ആരോഗ്യം, ഫോറസ്റ്റ്, എക്‌സൈസ്, ഫയർ ആൻഡ് റസ്‌ക്യൂ, മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നിങ്ങനെ എട്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തുന്നത്. റവന്യൂ വകുപ്പിനാണ് ഏകോപനച്ചുമതല. കർണാടക അതിർത്തിയിൽ പോലീസാണ് വാഹന പരിശോധന ഏകോപിപ്പിക്കുന്നത്. ചെക്‌പോസ്റ്റ#് കടത്തിവിടുന്ന വാഹനങ്ങൾ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടായാൽ ഇരുസംസ്ഥാനത്തെയും ഉദ്യോഗസ്ഥർ ബന്ധപ്പെട്ടാണ് പ്രശ്‌നം പരിഹരിക്കുന്നത്. കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിൽനിന്നു രോഗികളുമായി മാനന്തവാടിക്കു വരുന്ന വാഹനങ്ങളും ചെക്‌പോസ്റ്റുകളിൽ പരിശോധനയ്ക്കു ശേഷം കടത്തിവിടുന്നുണ്ട്. ദിവസം ശരാശരി ഏഴു രോഗികൾ ചികിത്സക്കായി ബാവലി വഴി കേരളത്തിലെത്തുന്നുണ്ട്.
ചെക്‌പോസ്റ്റുകളിൽ ജോലിസമയം പുതുക്കി ക്രമീകരിച്ചാൽ ബാവലിയിൽ തിരക്കു കുറക്കാൻ കഴിയുമെന്നു ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാർ പറയുന്നു. കേരള അതിർത്തിയിൽ വാഹനങ്ങളുടെ വരവും പോക്കും അധ്യാപകരാണ് രേഖപ്പെടുത്തുന്നത്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെയാണ് ഇവർക്കു ജോലി.
കർണാടക അതിർത്തി ചെക്‌പോസ്റ്റ് രാവിലെ ആറിനു തുറക്കുമെങ്കിലും കേരള അതിർത്തിയിൽ അധ്യാപകർ ജോലി തുടങ്ങുന്നതിനു ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ബാവലിയിൽ ഏകദേശം 30 അടി നീളമുള്ള പാലത്തിനു ഇപ്പുറത്തും അപ്പുറത്തുമാണ് ചെക്‌പോസ്റ്റുകൾ.