റിയാദ് - കൊറോണ രോഗികളുമായി സമ്പർക്കം പുലർത്തിയതിന്റെ പേരിൽ പരിശോധനകൾക്കായി വിളിച്ചുവരുത്തുന്നവർക്ക് ആരോഗ്യ മന്ത്രാലയം ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ചു. ആശുപത്രികൾക്കകത്തു വെച്ച് കൊറോണ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യതയിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. കാറിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഉപയോക്താക്കളുടെ സാമ്പിളുകൾ പരിശോധനക്കായി മെഡിക്കൽ ജീവനക്കാർ ശേഖരിക്കുകയാണ് ചെയ്യുന്നത്.
കാറിലിരിക്കുന്ന ഉപയോക്താക്കളുടെ സാമ്പിളുകൾ 45 സെക്കന്റിനകം മെഡിക്കൽ ജീവനക്കാർ ശേഖരിക്കുകയും 72 മണിക്കൂറിനകം പരിശോധനാ ഫലം പുറത്തു വരികയും ചെയ്യും. പേരും തിരിച്ചറിയൽ കാർഡ് നമ്പറും രേഖപ്പെടുത്തിയാണ് ഉപയോക്താക്കളുടെ സാമ്പിളുകൾ കാറുകൾക്കകത്തു വെച്ച് പരിശോധനക്കായി ശേഖരിക്കുകയെന്ന് ദിർഇയ ആശുപത്രിയിലെ ഇന്റേണിസ്റ്റ് ഡോ. മുശാരി ബിൻ ഹുവൈമിൽ പറഞ്ഞു.






