Sorry, you need to enable JavaScript to visit this website.

ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ വിൽപന നിയന്ത്രണം

ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ  

ജിദ്ദ - അൽസ്വഫ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ വിൽപനക്ക് നിയന്ത്രണമേർപ്പെടുത്തിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിന് 24 മണിക്കൂർ കർഫ്യൂ ബാധകമാക്കിയത് കണക്കിലെടുത്താണ് മാർക്കറ്റിൽ വിൽപന നിയന്ത്രണമേർപ്പെടുത്തിയത്. നിലവിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കും ഉടമകൾക്കും മാത്രമാണ് മാർക്കറ്റിൽ നിന്ന് പച്ചക്കറികളും പഴവർഗങ്ങളും വാങ്ങുന്നതിന് അനുമതിയുള്ളത്. വ്യക്തികൾക്ക് പഴവർഗങ്ങളും പച്ചക്കറികളും വിൽപന നടത്തുന്നത് വിലക്കിയിട്ടുണ്ട്.


സെൻട്രൽ പച്ചക്കറി മാർക്കറ്റ് അടച്ചിട്ടില്ല. പൂർണ തോതിൽ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. പച്ചക്കറി ചില്ലറ വ്യാപാര സ്ഥാപനങ്ങളും വൻകിട വ്യാപാര കേന്ദ്രങ്ങളുമാണ് പച്ചക്കറി മാർക്കറ്റിൽ നിന്ന് ഇപ്പോൾ സാധനങ്ങൾ വാങ്ങുന്നത്. കർഫ്യൂ പാലിച്ച് എല്ലാവരും തങ്ങൾ താമസിക്കുന്ന ഡിസ്ട്രിക്ടുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങണം. സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ പോകേണ്ട ആവശ്യമില്ല. പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾ വ്യവസ്ഥാപിതമായാണ് ജോലി ചെയ്യുന്നത്. ഇവരുടെ ജോലി നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അൽബഖമി പറഞ്ഞു. 


അതേസമയം, കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ പാലിക്കാതെയാണ് സെൻട്രൽ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾ ജോലി ചെയ്യുന്നതെന്ന് മാർക്കറ്റിലെത്തുന്ന ഉപയോക്താക്കൾ പരാതിപ്പെടുന്നു. കൂട്ടം ചേർന്നും സുരക്ഷിത അകലം പാലിക്കാതെയുമാണ് മാർക്കറ്റിലെ തൊഴിലാളികൾ ട്രോളികളുമായി നീങ്ങുന്നത്. മാർക്കറ്റിലെത്തുന്നവർക്കിടയിൽ രോഗവ്യാപനത്തിന് ഇവർ കാരണക്കാരായി മാറും. കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ മുൻകരുതലുകൾക്ക് വിരുദ്ധമായാണ് പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഉപയോക്താക്കളുടെയും മാർക്കറ്റിലെ കച്ചവടക്കാരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി, ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് അനുസൃതമായി തൊഴിലാളികളുടെ നീക്കങ്ങൾ അധികൃതർ ക്രമീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 

 

Latest News