കോവിഡ് മരുന്ന് കണ്ടെത്തുന്നതുവരെ ലോക്ഡൗണ്‍ തുടരണമെന്ന് പുതിയ പഠനം

ജനീവ- കോവിഡിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കുന്നതുവരെ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ഒരുങ്ങരുതെന്ന് പുതിയ മുന്നറിയിപ്പ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നേടിയ വിജയത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനമാണ് ലോക്ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ തന്നെ ജനങ്ങളുടെ സഞ്ചാരം പൂര്‍ണമായി തടയാന്‍ നടപടികള്‍ വേണ്ടിവരുമെന്ന് വിവിധ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

വുഹാനില്‍നിന്ന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23 നാണ് ചൈന ലോക്ഡൗണ്‍ ആരംഭിച്ചത്. എല്ലാ പ്രവിശ്യകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫെബ്രുവരി 17 മുതലാണ് ഇളവു ചെയ്തു തുടങ്ങിയത്. വുഹാനിലെ ലോക്ഡൗണ്‍ ബുധനാഴ്ചയാണ് പൂര്‍ണമായും അവസാനിച്ചത്.

നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിച്ചാല്‍ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്നും അത് നേരിടാന്‍ സര്‍ക്കാരുകള്‍ക്കാകില്ലെന്നും ഹോങ്കോംഗ് അടിസ്ഥാനമായുള്ള ഗവേഷകര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ച ചൈനയിലെ പത്ത് പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനം ലാന്‍സറ്റ് മെഡിക്കല്‍ ജേണലാണ് പ്രസിദ്ധീകരിച്ചത്.

 

Latest News