മലപ്പുറം- ജില്ലയിൽ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തനായ തിരൂർ പൊന്മുണ്ടം പാറമ്മൽ സ്വദേശി പന്നിക്കോറ മുഹമ്മദ് മുസ്തഫ (46) കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി. 13 ദിവസം നീണ്ട വിദഗ്ധ ചികിത്സക്കും പ്രത്യേക നിരീക്ഷണത്തിനും ശേഷമുള്ള മടക്കം ആശുപത്രി ജീവനക്കാരും സ്വീകരിക്കാനെത്തിയവരും മധുരം പങ്കിട്ട് അവിസ്മരണീയമാക്കി.
കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു മുസ്തഫ. ഐസൊലേഷൻ വാർഡിനു പുറത്തെത്തി സർക്കാറിന്റേയും ആരോഗ്യ വകുപ്പിന്റേയും ആശുപത്രി ജീവനക്കാരുടേയും കരുതലിനും സ്‌നേഹത്തിനും തനിക്കു ലഭിച്ച മികച്ച ചികിത്സക്കും പരിചരണത്തിനും നന്ദി പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ഠമിടറി. ദുബായിൽ നിന്ന് മാർച്ച് 21 ന് നാട്ടിലെത്തിയതു മുതൽ ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് മാതൃകയായ പ്രവാസികൂടിയാണ് മുഹമ്മദ് മുസ്തഫ. സമ്പർക്കം പുലർത്തിയിട്ടില്ലെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചതുമുതൽ ഇദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. രോഗമുക്തനായി പുറത്തിറങ്ങിയ മുസ്തഫയെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ അയൽവാസിയും വാർഡ് അംഗവുമായ എ. അബ്ദുൾ ഗഫൂറാണ് എത്തിയത്. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ആശുപത്രി ജീവനക്കാരുടെയും പ്രവർത്തനങ്ങളാണ് മുസ്തഫയ്ക്ക് വേഗത്തിൽ കോവിഡ് രോഗവിമുക്തി നേടാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ആദ്യ കോവിഡ് ബാധിത വണ്ടൂർ വാണിയമ്പലം സ്വദേശിനി മറിയക്കുട്ടിക്കു പിറകെ മുഹമ്മദ് മുസ്തഫയും രോഗമുക്തനാവുമ്പോൾ ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ നടക്കുന്ന കൂട്ടായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയം കൂടിയാണിത്. ഐസൊലേഷൻ വാർഡിൽ ചികിത്സിച്ച ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം കരഘോഷങ്ങളോടെയാണ് മുഹമ്മദ് മുസ്തഫയെ വീട്ടിലേക്ക് യാത്രയാക്കിയത്. 14 ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരാനാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു തുടങ്ങിയവർ മുസ്തഫയെ യാത്രയാക്കാനുണ്ടായിരുന്നു.






