കൊണ്ടോട്ടി- കൊവിഡ് 19നെ തുടർന്ന് ഇന്ത്യയിൽ വ്യോമഗതാഗതം അടച്ചതോടെ സർവീസ് നിറുത്തിയ വിമാന കമ്പനികൾ പാർക്കിംഗ് നിരക്ക് ബാധ്യതയിൽ. ഇന്ത്യയിലെ അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളിൽ സർവ്വീസ് നടത്തുന്ന ഏഴ് വിമാന കമ്പനികളുടെ 638 വിമാനങ്ങളാണ് പാർക്കിംഗ് നിരക്ക് ബാധ്യതയിലുളളത്. രാജ്യത്ത് 33 വിമാന കമ്പനികൾ സർവ്വീസ് നടത്തുന്നുവെങ്കിലും ഇവയിൽ 26 എണ്ണത്തിനും ഒന്നോ രണ്ടോ വിമാനങ്ങളാണുള്ളത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനങ്ങളുളളത് ഇൻഡിഗോ എയർ വിമാന കമ്പനിക്കാണ്. ഇൻഡിഗോക്ക് മാത്രമായി 260 വിമാനങ്ങളാണുളളത്. രാജ്യാന്തര വിമാന കമ്പനിയായ എയർ ഇന്ത്യക്ക് 124 വിമാനങ്ങളും, എയർഇന്ത്യ എക്‌സ്പ്രസിന് 23 വിമാനങ്ങളുമാണ് സ്വന്തമായുളളത്. സ്‌പെയ്‌സ് ജെറ്റിന് 117 വിമാനങ്ങളും,ഗോ എയർ 58,എയർ ഏഷ്യ 30,വിസ്താര 26 വിമാനങ്ങളും സ്വന്തമായുണ്ട്.
സർവീസുകൾ നിർത്തിയതോടെ വിമാനങ്ങളിൽ കൂടുതലും വിമാനത്താവളങ്ങളിൽ തന്നെയാണ് പാർക്ക് ചെയ്തിരിക്കുന്നത്. മണിക്കൂറിനാണ് വിമാനങ്ങളുടെ പാർക്കിംഗ് നിരക്ക് നിശ്ചയിക്കുന്നത്. വലിയ വിമാനങ്ങൾക്കും ചെറിയ വിമാനങ്ങൾക്കും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ദിവസങ്ങളായി വിമാനങ്ങൾ കട്ടപ്പുറത്തേറിയതോടെ പാർക്കിംഗ് ഇനത്തിൽ വിമാനത്താവളങ്ങൾക്ക് കനത്ത നിരക്കാണ് നൽകേണ്ടിവരിക.
വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി സ്ഥാപിച്ച ഹാങ്കറിലേക്ക് മാറ്റിയ വിമാനങ്ങളുമുണ്ട്. വിദേശ രാജ്യങ്ങളിലെ വിമാനങ്ങൾ പൂർണമായും ഇന്ത്യയിൽനിന്ന് അതത് രാജ്യങ്ങളിലേക്ക് തന്നെ മാറ്റിയിട്ടുമുണ്ട്. കാൽ നൂറ്റാണ്ടിന് ശേഷം വ്യോമയാന പാത കൊട്ടിയടക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്.
പാർക്കിംഗ് നിരക്കിൽ ഇളവ് തേടി വിമാന കമ്പനികൾ വ്യോമയാന മന്ത്രാലയത്തേയും എയർപോർട്ട് അതോറിറ്റിയേയും സമീപിച്ചിട്ടുണ്ട്. രാജ്യത്ത് വിമാനങ്ങൾ ഇത്ര അധികം നേരം നിർത്തിയിടുന്നത് ഇതാദ്യമായാണ്. ആയതിനാൽ അനുകൂലമായ നടപടികളുണ്ടാകുമെന്ന പ്രതീക്ഷ വിമാന കമ്പനികൾക്കുണ്ട്.