കോട്ടയം - കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരു മാസം പിന്നിടുമ്പോൾ കോട്ടയത്ത്് ആശ്വാസം. കോവിഡ് സ്ഥിരീകരിച്ച ആരും ചികിത്സയിലില്ല. ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിൽ ആരും ശേഷിക്കുന്നില്ല. ഏറ്റവുമൊടുവിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന മൂന്നു പേരെ ഇന്നലെ വിട്ടയച്ചു. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിയായ 84 കാരനും ഇടുക്കി സ്വദേശികളായ രണ്ടുപേരുമാണ് സാമ്പിൾ പരിശോധന നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടത്. ഇവർ ഹോം ക്വാറന്റൈനിൽ തുടരും.
പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന ചെങ്ങളം സ്വദേശി റോബിൻ, ഭാര്യ റീന, ഇവരുടെ കുട്ടി എന്നിവർ മാർച്ച് എട്ടിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടങ്ങിയത്. ഇവരുടെ ബന്ധുക്കളായ 93കാരൻ തോമസിനെയും 88കാരിയായ ഭാര്യ മറിയാമ്മയെയും രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി മാർച്ച് ഒൻപതിന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.
റോബിനും റീനയും വൈറസ് ബാധിതരാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് പത്താം തീയതി എത്തിയതോടെ കോട്ടയം സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ജില്ലയായി. ഇവരുടെ കുഞ്ഞിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രോഗബാധിതർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനും രോഗ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിലുള്ള സംവിധാനങ്ങളാണ് മാർച്ച് രണ്ടാം വാരത്തിൽ കോട്ടയം ജില്ലയിൽ ഒരുക്കിയത്. ജില്ലാ കളക്ടർ മുതൽ ആരോഗ്യ വകുപ്പിൻറെ ഗ്രാമീണ മേഖലയിലുള്ള ജീവനക്കാർവരെ രാപകൽ ഭേദമെന്യേ നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിൽ വൈറസ് ഭീതി അകറ്റുന്നതിന് സഹായകമായി.
മെഡിക്കൽ കോളേജിനു പുറമെ ജനറൽ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. അവശ്യ ഘട്ടത്തിൽ ജില്ലയിലെ മറ്റ് സർക്കാർ, സ്വകാര്യ ആശുപത്രികളിലും കൊറോണ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളുടെ ഹോം ക്വാറൻറയിൻ ഉറപ്പാക്കുന്നതിനും രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രി നിരീക്ഷണത്തിലാക്കുന്നതിനും സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിച്ചു.
തോമസിനെയും മറിയാമ്മയെയും പരിചരിച്ചിരുന്ന നഴ്‌സ് രേഷ്മ മോഹൻദാസിന് മാർച്ച് 23ന് രോഗം സ്ഥിരീകരിച്ചെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രേഷ്മയുടെ നിശ്ചയദാർഢ്യം സഹപ്രവർത്തകർക്കും സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഊർജ്ജം പകരുന്നതായിരുന്നു. ഏപ്രിൽ മൂന്നിന് ഉച്ചയ്ക്ക് രേഷ്മയും വൈകുന്നേരം തോമസും മറിയാമ്മയും ഡിസ്ചാർജ് ചെയ്യപ്പെട്ടതോടെ കോട്ടയം സ്ഥിരീകരിച്ച കോവിഡ് കേസുകളില്ലാത്ത ഏക ജില്ലയായി. രേഷ്മയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ സഹപ്രവർത്തകരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്ന് ഇവരെയും ഡിസ്ചാർജ്ജ് ചെയ്തു. ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാളുടെ കോട്ടയത്തെ പ്രൈമറി കോൺടാക്ടുകളായ കുട്ടികൾ ഉൾപ്പെടെയുള്ള 12 പേർക്കും രോഗമില്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
അതിനിടെ ആലപ്പുഴ ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എട്ടു പേരെ കോട്ടയത്ത് കണ്ടെത്തി. മാർച്ച് 22ന് ദുബായിൽനിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ ഇദ്ദേഹം യാത്രയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ കോട്ടയത്തെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സുഹൃത്തിനും കുടുംബാംഗങ്ങൾക്കും ആലപ്പുഴ സ്വദേശി സഞ്ചരിച്ചിരുന്ന കാർ ഓടിച്ചയാൾക്കും ആരോഗ്യ വകുപ്പ് ഹോം ക്വാറൻറയിൻ നിർദേശിച്ചിട്ടുണ്ട്. എല്ലാവരെയും സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കും.സെക്കൻഡറി കോൺടാക്ടുകളായ 65 പേർക്കും പൊതുസമ്പർക്കമില്ലാതെ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.