ന്യൂദൽഹി- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ, സംസ്ഥാന തലത്തിലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 15,000 കോടി രൂപയുടെ കേന്ദ്ര ധനസഹായത്തോടെയുള്ള പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം നൽകി. "കോവിഡ് -19 എമർജൻസി റെസ്പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റം പ്രിപ്പേര്‍ഡ്നെസ്സ് പാക്കേജ്" എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളായി നടപ്പാക്കും. 2020 ജനുവരി മുതൽ 2020 ജൂൺ വരെ ആദ്യഘട്ടം ഘട്ടം, 2020 ജൂലൈ മുതൽ 2021 മാർച്ച് വരെ രണ്ടാം ഘട്ടം, 2021 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ മൂന്നാം ഘട്ടം എന്നിങ്ങനെയാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. വകയിരുത്തിയിരിക്കുന്ന ഫണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിഭജിക്കും. എന്നാല്‍ ഇതിന്റെ മാനദണ്ഡം എന്താണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
കോവിഡ് മഹാമാരിക്കെതിരെ അടിയന്തിര പ്രതികരണമായി ഏര്‍പ്പെടുത്തിയ ഫണ്ട് സംസ്ഥാനങ്ങളുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രതിരോധത്തിനും തയ്യാറെടുപ്പിനും സഹായിക്കുക, അവശ്യ മെഡിക്കൽ ഉപകരണങ്ങൾ, ഉപഭോഗവസ്തുക്കൾ, മരുന്നുകൾ എന്നിവ സംഭരിക്കുക, നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ചികിത്സാ സംവിധാനങ്ങളും, ലബോറട്ടറികളും സജ്ജീകരിക്കുക തുടങ്ങിയവയ്ക്ക് ഉപയോഗപ്പെടുത്തുമെന്ന് ”ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ഒപ്പിട്ട സർക്കുലറിൽ പറയുന്നു.
ഇന്ത്യയിൽ ഇതുവരെ 5,700 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ 166 പേർ മരിച്ചു. മഹാരാഷ്ട്ര (1,135 കേസുകൾ, 72 മരണം), തമിഴ്നാട് (738 കേസുകൾ, എട്ട് മരണം), ദില്ലി (669 കേസുകൾ, ഒമ്പത് മരണങ്ങൾ) എന്നിവയാണ് ഇതുവരെ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ. തിങ്കളാഴ്ച വരെ 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 284 ജില്ലകളിൽ നിന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.






