ന്യൂദൽഹി- രണ്ടുവർഷത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള മുഖംമിനുക്കൽ നടപടിയുടെ ഭാഗമായി കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. ധർമേന്ദ്ര പ്രധാൻ, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, മുഖ്താർ അബ്ബാസ് നഖ് വി എന്നിവർക്ക് ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയിലേക്ക് സ്ഥാനക്കയറ്റം നൽകി. പിയൂഷ് ഗോയലിന് റെയിൽവേയുടെ പദവിയാണ് നൽകുക. മലയാളിയായ അൽഫോൻസ് കണ്ണന്താനം അടക്കം ഒമ്പത് പുതിയ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കണ്ണന്താനത്തിന് പുറമെ, രാജ്യസഭാംഗമായ ശിവ്പ്രതാപ് ശുക്ല, ലോക്‌സഭാംഗങ്ങളായ അശ്വിനികുമാർ ചൗബെ, വിരേന്ദ്രകുമാർ, അനന്ത്കുമാർ ഹെഗ്‌ഡെ, രാജ്കുമാർ സിംഗ്, സത്യപാൽസിംഗ്, ഗജേന്ദ്രസിംഗ് ശെഖാവത്, മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഹർദീപ്് സിംഗ് പുരി എന്നിവരാണ് മന്ത്രിസഭയിൽ അംഗങ്ങളായത്. 1974-ലെ ഐ.എഫ്.എസ് ബാച്ച് ഉദ്യോഗസ്ഥനാണ് ഹർദീപ് സിംഗ് പുരി. ബി.ജെ.പി യുടെ ശക്തനായ വക്താവാണ് ഹർദീപ് സിംഗ് പുരി. രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ഗജേന്ദ്ര സിംഗ് ശെഖാവത്. ജോധ്പൂരിലെ എം.പിയാണ്. മുംബൈ മുൻ സിറ്റി പോലീസ് കമ്മീഷണറാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡോ. സത്യപാൽ സിംഗ്. രസതന്ത്രത്തിൽ എം.ഫിലുള്ളയാളാണ് സത്യപാൽ സിംഗ്.കേരളത്തിൽനിന്ന് മോഡി മന്ത്രിസഭയിൽ ഇതാദ്യമായി മലയാളി പ്രാതിനിഥ്യമായി അൽഫോൺസ് കണ്ണന്താനം മന്ത്രിയായി അധികാരമേറ്റു.
രാവിലെ ഏഴരക്ക് പ്രധാനമന്ത്രിയോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞക്കെത്തിയത്.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള മുഖം മിനുക്കലായി വിശേഷിപ്പിക്കപ്പെടുന്ന മന്ത്രിസഭാ അഴിച്ചുപണി പൂർണമായും മന്ത്രിമാരുടെ പ്രകടനത്തിന്റേയും കാര്യശേഷിയുടേയും അടിസ്ഥാനത്തിലാണെന്നാണ് സർക്കാർവൃത്തങ്ങൾ പറയുന്നത്. ഒപ്പം ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളും പരിഗണിച്ചിരുന്നു. പ്രധാനമന്ത്രിയടക്കം 73 അംഗങ്ങളാണ് ഇപ്പോൾ കേന്ദ്രമന്ത്രിസഭയിലുള്ളത്. ചട്ടപ്രകാരം പരമാവധി 81 അംഗങ്ങൾ വരെയാകാം.






