ജനീവ- കൊറോണ വൈറസ് പ്രതിസന്ധിക്കിടെ രാഷ്ട്രിയം കളിക്കുന്നതില്‍ ട്രംപിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പകർച്ചവ്യാധി നേരിടുന്നതിനുള്ള യുഎന്‍ സഭയായ ലോകാരോഗ്യ സംഘടനയ്ക്കുള്ള യുഎസ് ധനസഹായം പിൻവലിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിറകേയാണ് സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരണവുമായി രംഗത്ത് എത്തുന്നത്.
"ദയവായി ഈ വൈറസിനെ രാഷ്ട്രീയവത്കരിക്കരുത്. കൂടുതല്‍ ശവമഞ്ചങ്ങളാണ് വേണ്ടതെങ്കില്‍ അത് തുടര്‍ന്നോളൂ. അങ്ങനെയല്ലെങ്കില്‍ വിഷയം രാഷ്ട്രീയ വല്‍ക്കരിക്കുന്നതില്‍നിന്ന് ദയവായി വിട്ടുനില്‍ക്കുക. അത്യന്തം വിനാശകാരികളായ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യങ്ങളുടെ ഒരുമയാണ് പ്രധാനം.
സ്വയം തെളിയിക്കാൻ നിങ്ങൾക്ക് മറ്റ് നിരവധി മാർഗങ്ങളുണ്ട്. ഇത് രാഷ്ട്രീയത്തിനായി ഉപയോഗിക്കേണ്ട ഒന്നല്ല, തീ കൊണ്ട് കളിക്കുന്നതിന് തുല്യമാണ്" ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കുന്നു.
കൊറോണ ബാധിച്ച് അമേരിക്കയില്‍ ആയിരക്കണക്കിന് പേര്‍ മരിക്കാനിടയായതില്‍ പ്രസിഡന്റ് ട്രംപ് ലോകാരോഗ്യ സംഘടനയെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. വ്യാപകാമായി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചിരിക്കേ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റ് ട്രംപിന് കടുത്ത വിമര്‍ശനങ്ങളാണ് രാജ്യത്ത് നേരിടേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം ഉള്‍പ്പെടെ നിര്‍ത്തലാക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്ത് എത്തുന്നത്.