റിയാദ് - സ്വകാര്യ മേഖലയില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ഇഖാമ അനുവദിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. റജബ് 23 (മാര്‍ച്ച് 18) മുതല്‍ ശവ്വാല്‍ 24 (ജൂണ്‍ 16) വരെയുള്ള കാലയളവില്‍ ഇഖാമ ഫീസ് ഈടാക്കുന്നതാണ് നീട്ടിവെച്ചിരിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ കാരണമായി സ്വകാര്യ മേഖലയുടെ മേലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ചില സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ അടക്കുന്നത് നീട്ടിവെക്കല്‍ അടക്കം ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
ഫീസ് അടക്കാതെ തന്നെ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇഖാമ ഇഷ്യു ചെയ്യാവുന്നതാണ്. ഇഖാമ ഫീസ് മൂന്നു മാസത്തിനു ശേഷം അടച്ചാല്‍ മതിയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.






