മക്ക - മൂന്നു ജീവനക്കാര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മക്ക കഅ്കിയ ഡിസ്ട്രിക്ട് പാണ്ട ശാഖ അടച്ചതായി സൗദിയിലെ ഏറ്റവും വലിയ ചില്ലറ വില്‍പന ശൃംഖല കമ്പനിയായ പാണ്ട റീട്ടെയില്‍ കമ്പനി അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കായി മക്ക കഅ്കിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതിനിടെ മൂന്നു ജീവനക്കാരുടെ ശരീര താപനില ഉയര്‍ന്ന കാര്യം ശ്രദ്ധയില്‍ പെടുകയായിരുന്നു. മുന്‍കരുതലെന്നോണം ഉടന്‍ തന്നെ മൂന്നു പേരെയും ഐസൊലേഷനിലാക്കി.
പരിശോധനയില്‍ മൂന്നു പേര്‍ക്കും കൊറോണബാധ സ്ഥിരീകരിച്ചു. ഇതോടെ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി കഅ്കിയ ശാഖ അടക്കുകയായിരുന്നു. പൂര്‍ണമായും അടച്ച സ്ഥാപനം അണുവിമുക്തമാക്കുന്നതിന് നടപടികള്‍ തുടരുകയാണ്. മുന്‍കരുതലെന്നോണം സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഐസൊലേഷന്‍ ബാധകമാക്കിയിട്ടുണ്ട്. സമഗ്ര അണുനശീകരണ ജോലികള്‍ പൂര്‍ത്തിയായ ശേഷം മറ്റു ശാഖകളില്‍ നിന്നുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്തി കഅ്കിയ ശാഖ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നും പാണ്ട കമ്പനി അറിയിച്ചു.






