Sorry, you need to enable JavaScript to visit this website.

കൊറോണ പരിശോധനാഫലം തെറ്റായി രേഖപ്പെടുത്തി; സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത വൈറസ് ബാധിതരെ തേടി തമിഴ്‌നാട് പോലിസ്


ചെന്നൈ- കൊറോണ വൈറസ് പരിശോധനാഫലം രേഖപ്പെടുത്തുന്നതില്‍ ഗുരുതരമായ തെറ്റ് സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തത് നാല് കൊറോണ രോഗികളെ. വില്ലുപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ സംഭവം നടന്നത്. ഡിസ്ചാര്‍ജ്  ചെയ്ത നാലു കൊറോണ രോഗികളില്‍ മൂന്ന് പേരെയും പോലിസ് പരിശോധനയിലൂടെ കണ്ടെത്തി. എന്നാല്‍ നാലാമനായി അന്വേഷണം തുടര്‍ന്നുവരികയാണ്. ഇതുവരെ ഈ രോഗിയെ കണ്ടെത്താന്‍ സാധിക്കാത്തത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ദല്‍ഹി സ്വദേശിയായ മുപ്പതുകാരന് വേണ്ടിയാണ് പോലിസ് അന്വേഷണം വ്യാപകമാക്കിയത്.

കഴിഞ്ഞ മാസം അവസാനത്തോടെ പുതുച്ചേരിയില്‍ ഒരു അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയ യുവാവിന് കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു. കൊറോണ ലക്ഷണങ്ങളായതിനാല്‍ അധികൃതര്‍ വില്ലുപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ യുവാവിന്റേതടക്കം നാലുപേരുടെ സാമ്പിളുകള്‍ ആശുപത്രിയില്‍ കൊറോണ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ റിസള്‍ട്ട് രേഖപ്പെടുത്തുന്നതില്‍ സംഭവിച്ച പിഴവാണ് പ്രശ്‌നമായത്. നാലുപേരുടെയും റിസള്‍ട്ട് നെഗറ്റീവ് എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ ആശുപത്രി വിട്ട ശേഷമാണ് ഗുരുതരമായ പിഴവ് അധികൃതര്‍ തിരിച്ചറിഞ്ഞത്. മൂന്ന് പേരെയും തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നാലാമനായ ദല്‍ഹി സ്വദേശിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പോലിസ് സൂപ്രണ്ട് പി ജയകുമാര്‍ അറിയിച്ചു. കൊറോണ ഫലം പോസിറ്റീവായ രോഗികളുടെ ഇടപെടലില്‍ എത്ര പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാകുമെന്ന ആശങ്കയിലാണ് അധികൃതര്‍.
 

Latest News