ന്യൂദല്‍ഹി- ദല്‍ഹിയിലെ ഗൗതം നഗറില്‍ രണ്ട് വനിതാ ഡോക്ടര്‍മാരെ മര്‍ദിച്ചുവെന്ന പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാര്‍ പുറത്തിറങ്ങി കോവിഡ് പരത്തുന്നുവെന്ന് ആരോപിച്ചാണ് സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരെ 42 കാരന് കൈകാര്യം ചെയ്തത്. തുടര്‍ന്ന് ഇവര്‍ ഹൗസ്ഖാസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോവിഡ് ഡ്യൂട്ടിയില്ലാത്ത ഡോക്ടര്‍മാര്‍ സാധാനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് സംഭവമെന്ന് സഫദര്‍ജംഗ് റെഡിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് മനീഷ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാര്‍ക്കും കോവിഡ് ഡ്യൂട്ടിയില്ല.
ഫ്രൂട്ട് സ്റ്റാളില്‍നിന്ന് മടങ്ങി വീട്ടില്‍ പോകണമെന്നും ഡോക്ടര്‍മാരാണ് കോവിഡ് പരത്തുന്നതെന്നും ആരോപിച്ചാണ് 42 കാരന് ഇടപെട്ടത്. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു.






