ഇന്ത്യ നൽകിയ സഹായം ഒരിക്കലും മറക്കില്ല-ട്രംപ്, ഒന്നിച്ച് വിജയിക്കും-മോഡി

ന്യൂദൽഹി- അമേരിക്കയിലേക്ക് കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന് കയറ്റി അയക്കാൻ തീരുമാനിച്ച ഇന്ത്യൻ തീരുമാനത്തെ പ്രശംസിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കോവിഡ് 19ന് എതിരായ പോരാട്ടത്തിന് മനുഷ്യത്വപരമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകുമെന്നും ഈ പോരാട്ടത്തിൽ ഒന്നിച്ച് വിജയിക്കുമെന്നും മോഡി ട്വീറ്റ് ചെയ്തു. 

ഈ പ്രതിസന്ധിയിൽ സഹായവുമായി എത്തിയ ഇന്ത്യയെ ഒരിക്കലും മറക്കില്ലെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. മോഡിയുടെ കരുത്തുറ്റ നേതൃത്വം ഇന്ത്യയെ മാത്രമല്ല, മനുഷ്യത്വത്തെയും സഹായിക്കും എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. അമേരിക്കക്ക് പുറമെ, മുപ്പതോളം രാജ്യങ്ങൾ ഇന്ത്യയോട് മരുന്ന് കയറ്റി അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ മൂന്ന് ഫാക്ടറികളിൽനിന്ന് 29 മില്യൺ ഗുളികകൾ അമേരിക്കയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
 

Latest News