Sorry, you need to enable JavaScript to visit this website.
Tuesday , May   26, 2020
Tuesday , May   26, 2020

സൗദിയിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ- വേണ്ടത് ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ

റിയാദ്- കോവിഡ് വ്യാപനം കാരണം സൗദി അറേബ്യയടക്കം നിരവധി രാജ്യങ്ങൾ വിദേശത്ത് നിന്ന് അവരുടെ പൗരന്മാരെ തിരികെകൊണ്ടുവരുന്നുണ്ടെങ്കിലും സൗദിയിൽ കഴിയുന്ന ഇന്ത്യക്കാരെ കൊണ്ടുപോകാൻ ഇനിയും നടപടികളൊന്നുമായില്ല. ഇതിനുള്ള സമ്മർദ്ദങ്ങളൊന്നും പ്രവാസി സംഘടനകളിൽ നിന്നോ മറ്റോ ഉയരുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. കൂട്ടായ സമ്മർദ്ദങ്ങളുണ്ടായാൽ ഇക്കാര്യത്തിൽ അനുകൂല സമീപനം ഉണ്ടാകാനുള്ള സാധ്യത അധികൃതർ തള്ളുന്നുമില്ല. പ്രവാസികളെ നാട്ടിലയക്കുന്നതിനുള്ള സംവിധാനങ്ങളുമായി സൗദി മാനവശേഷി മന്ത്രാലയം അതിന്റെ വെബ്‌സൈറ്റുകൾ പരിഷ്‌കരിച്ചിട്ടുമുണ്ട്.
സൗദി അറേബ്യയിൽ കോവിഡ് ബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുകയും അടുത്ത മാസങ്ങളിൽ അത് രണ്ട് ലക്ഷത്തോളമെത്തിയേക്കുമെന്ന സൗദി ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതിനിടെ നിരവധി കമ്പനികൾ ജോലിക്കാരെ പിരിച്ചുവിടുകയോ അനിശ്ചിതകാലത്തേക്ക് ലീവ് നൽകുകയോ ചെയ്തു. തങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കുമോ എന്നാവശ്യപ്പെട്ട് നിരവധി പേർ ഇന്ത്യൻ എംബസിയെ ദിനേനെ ബന്ധപ്പെട്ടുവരികയുമാണ്. 

ഗർഭിണികളെയും കുട്ടികളെയും പ്രായമായവരെയും നാട്ടിലയക്കണമെന്ന ആവശ്യവും പ്രവാസികളിൽ നിന്നുയരുന്നുണ്ട്. കോവിഡ് വ്യാപനം കാരണം ഇവരെയൊന്നും പുറത്തിറക്കരുതെന്നാണ് സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സൗദി അറേബ്യ അവരുടെ പൗരന്മാരെ വിവിധ രാജ്യങ്ങളിൽ നിന്ന് ഒഴിപ്പിക്കാൻ തീരുമാനിച്ചപ്പോൾ  ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവർക്കാണ് മുൻഗണന നൽകിയത്. ഈ രീതി കേന്ദ്രസർക്കാറും സ്വീകരിക്കണമെന്നാണ് പ്രവാസികൾ പറയുന്നത്.
നിലവിൽ സൗദിയിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ നിരവധി ഇന്ത്യക്കാർ ഇന്ത്യയിലേക്കുള്ള വിമാനസർവീസ് കാത്തുകഴിയുന്നുണ്ട്. ഇവരെയൊക്കെ ഇന്ത്യയിലേക്കയക്കാൻ കോവിഡിന്റെ ആദ്യഘട്ടത്തിൽ തന്നെ സൗദി സർക്കാർ തയ്യാറായതായി നേരത്തെ സാമൂഹിക പ്രവർത്തകർ അറിയിച്ചിരുന്നു. ലോക്ഡൗണിന്റെ പേരിൽ ഇന്ത്യൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നീക്കങ്ങളുണ്ടായില്ല എന്നാണ് ആക്ഷേപം. അവരിൽ ചിലർ ജാമ്യത്തിലിറങ്ങിയെങ്കിലും മറ്റുള്ളവരെല്ലാം ഇപ്പോഴും ജയിലുകളിൽ തന്നെ തുടരുകയാണ്.  അതിനിടെ സാമ്പത്തിക കുറ്റകൃത്യങ്ങളടക്കമുള്ള സ്വകാര്യ അവകാശങ്ങളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരെ എത്രയും പെട്ടെന്ന് വിട്ടയക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിടുകയും ചെയ്തിരിക്കുന്നു. നിരവധി ഇന്ത്യക്കാർക്ക് ഈ രാജകാരുണ്യം ആശ്വാസമാവും.

അവശ്യ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് വിമാനസർവീസുകൾ നടത്താൻ സൗദി അറേബ്യ ഇപ്പോഴും തയ്യാറാണെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സമ്മതം മാത്രമാണ് ഇനി ആവശ്യമുള്ളത്. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് അവരുടെ സ്ഥാപനം വഴി അപേക്ഷ നൽകാനുള്ള സൗകര്യം അതിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. പലരും ഇതിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. എല്ലാ ദിവസവും ഇന്ത്യൻ എംബസിയുടെ ഹെൽപ് ലൈനുകളിൽ ഇന്ത്യയിലേക്ക് മടങ്ങാൻ വഴി തേടുന്നവരുടെ വിളികളെത്തുന്നുണ്ടെങ്കിലും സൗദിയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകളോ സമ്മർദ്ദങ്ങളോ നടത്തുന്നില്ല. ഇക്കാര്യമാവശ്യപ്പെട്ട് ഇതുവരെ ഒരു സംഘടനയും ഇന്ത്യൻ എംബസിയെയോ കേന്ദ്രസർക്കാറിനെയോ സമീപിപ്പിച്ചിട്ടുമില്ല. നിലവിൽ ലഭിച്ചിരിക്കുന്ന അപേക്ഷകളുടെ കണക്കനുസരിച്ച് ഇന്ത്യൻ എംബസി വിഷയം ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുമെന്നാണ് വിവരം.

അതേസമയം കർഫ്യൂ കാരണം ഭക്ഷ്യ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് നിരവധി പേർ ഇന്ത്യൻ എംബസിയെ വിളിച്ചറിയിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന ഇവർക്ക് കർഫ്യൂ കാരണം സൂപർമാർക്കറ്റുകളിലേക്കും മറ്റും പോകാനാവുന്നില്ല. ഇത്തരം പ്രയാസപ്പെടുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന കാര്യത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. ജയശങ്കറുമായി ബന്ധപ്പെട്ടപ്പോൾ ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്.

Latest News