നാട്ടില്‍ റീ എന്‍ട്രിയിലുള്ളവരുടെ മടക്കം വൈകും; കോവിഡ് മുക്തമായതിന് ശേഷം മടങ്ങാമെന്ന് സൗദി 

റിയാദ്- സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെ നാട്ടില്‍ റീ എന്‍ട്രിയില്‍ പോയവരുടെ മടക്കം വൈകും. രാജ്യം കോവിഡ് മുക്തമായെന്ന് സൗദി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചാല്‍ മാത്രമേ റീ എന്‍ട്രിയില്‍ പോയവര്‍ക്ക് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനാവുകയുള്ളൂവെന്നും കാലാവധി അവസാനിച്ചവരുടെ റീ എന്‍ട്രി പുതുക്കല്‍ അന്നു മുതല്‍ തുടങ്ങുമെന്നും സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് വേണ്ടി നിരവധി പേര്‍ മലയാളം ന്യൂസമായി ബന്ധപ്പെട്ടിരുന്നു. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

മാര്‍ച്ച് 15 മുതല്‍ സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതോടെയാണ് റീ എന്‍ട്രിയില്‍ പോയവര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയത്. അതിനിടെ നാട്ടിലുള്ളവരുടെ റീ എന്‍ട്രിയും ഇഖാമയും കാലാവധി അവസാനിച്ചാലും നീട്ടിനല്‍കുമെന്ന് സൗദി അറേബ്യ അറിയിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ജൂണ്‍ 30 നുള്ളില്‍ കാലാവധി അവസാനിക്കുന്ന എല്ലാവരുടെയും ഇഖാമ സൗജന്യമായി മൂന്നു മാസത്തേക്ക് പുതുക്കി നല്‍കി. നേരത്തെ റീ എന്‍ട്രി അടിച്ച് സൗദിയില്‍ നിന്ന് പോകാന്‍ കഴിയാത്തവരുടെ മെയ് 24 വരെയുള്ള റീ എന്‍ട്രിയും പുതുക്കി നല്‍കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം ജവാസാത്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സൗദി അറേബ്യ കോവിഡ് മുക്തമായി എന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുന്നതോടെ ഇഖാമയുടെ കാലാവധി നോക്കാതെ നാട്ടില്‍ കഴിയുന്ന എല്ലാവര്‍ക്കും റീ എന്‍ട്രി പുതുക്കി നല്‍കുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റീ എന്‍ട്രി നീട്ടിനല്‍കാനുള്ള നിലവിലെ സംവിധാനം തന്നെയാണ് തൊഴിലുടമകള്‍ ഇതിന്നായി ഉപയോഗിക്കേണ്ടത്. ഇപ്പോള്‍ ഈ സൈറ്റില്‍ അപ്‌ഡേറ്റുകള്‍ നടന്നുവരുന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവില്ല. എന്നാല്‍ റീ എന്‍ട്രി കാലാവധി അവസാനിച്ചവര്‍ സൗദിയില്‍ കോവിഡ് മുക്തമായെന്ന പ്രഖ്യാപനം വന്ന് ഒരു മാസത്തിനകം പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News