Sorry, you need to enable JavaScript to visit this website.

വിവാഹത്തിന് കരുതിവെച്ച സ്വർണം വിറ്റും തൊഴിലാളികള്‍ക്ക് അന്നം

കോയമ്പത്തൂർ- വിവാഹത്തിനു കരുതിവെച്ച സ്വർണം വില്‍പന നടത്തിയും കോവിഡ് കാലത്ത് സേവന പ്രവർത്തനം.

ലോക്ഡൗണില്‍ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കാന്‍ സഹോദരന്‍റെ മകളുടെ വിവാഹത്തിന് കരുതിവെച്ച ആഭരണങ്ങള്‍ വില്‍പന നടത്തി വാർത്തകളില്‍ ഇടംപിടിച്ചിരിക്കയാണ് കോയമ്പത്തൂർ സായിബാബ കോളനിയിലെ ഒരാള്‍.

ജെ.മുഹമ്മദ് റാഫിയാണ് മാർച്ച് 25 മുതല്‍ അന്തർസംസ്ഥാന തൊഴിലാളികള്‍ക്കും പാർപ്പിടമില്ലാത്തവർക്കും കോർപറേഷന്‍ ജീവനക്കാർക്കും ഭക്ഷണം നല്‍കി വരുന്നത്.

മൂത്ത സഹോദരന്‍റെ മകളുടെ വിവാഹത്തിനായി ഒരുക്കിവെച്ച 50 പവന്‍ ആഭരണങ്ങള്‍ വില്‍പന നടത്തി ലഭിച്ച 12.5 ലക്ഷം രൂപ ഉപയോഗിച്ചാണ് തൊഴിലാളികള്‍ക്ക് സായിബാബ കോളനിയില്‍ ഭക്ഷണം ഏർപ്പാടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങളില്‍ ആരും ഇതിനെ എതിർത്തില്ല. വീട്ടില്‍ തയാറാക്കുന്ന ഭക്ഷണ പൊതികള്‍ സഹോദരന്മാരുടേയും സായിബാബ കോളനി പോലീസിന്‍റെയും സഹായത്തോടെയാണ് തൊഴിലാളികള്‍ക്ക് എത്തിക്കുന്നത്. ഭക്ഷണ പൊതികള്‍ക്ക് പുറമെ അന്തർസംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്ക് ഗോതമ്പും പഞ്ചസാരയും അടങ്ങിയ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

Latest News